പാലാരിവട്ടം ഇനിപഞ്ചവടിപ്പാലം ആകില്ല പുനര്‍നിര്‍മാണം മികച്ച നിലയില്‍ മുന്നേറുന്നു മെട്രോ മാന്‍ ഇ ശ്രീധരന്
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മിക്കുന്ന ജോലികള്‍ ആസൂത്രണം ചെയ്തതുപോലെ മികച്ച നിലയില്‍ മുന്നേറുന്നതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ മേല്‍പ്പാലം പുനര്‍നിര്‍മാണ ജോലികള്‍ ആരംഭിച്ചശേഷം ആദ്യമായി സ്ഥലത്തെത്തി ജോലികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ സൈറ്റിലെത്തിയ അദ്ദേഹം കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലെ എന്‍ജിനിയര്‍മാരുമായും ഡിഎംആര്‍സിയിലെ വിദഗ്ധരുമായും സംസാരിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി.
ജോലികള്‍ തുടങ്ങിയതേയുള്ളൂ എന്നും വൈകാതെ വേഗത്തിലാകുമെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ഇത്രയും വേഗമേ ഉണ്ടാകൂ. നിര്‍മാണ പിഴവുമൂലം കേടുപാടുണ്ടായ പാലം പൊളിക്കലും പുതിയ പാലം നിര്‍മാണത്തിനുള്ള തയ്യാറെടുപ്പുകളും ഒരേസമയം നടക്കുന്നുണ്ട്. മുട്ടത്തെ യാര്‍ഡില്‍ ഇതിനകം മൂന്ന് ഗര്‍ഡറുകള്‍ കാസ്റ്റ് ചെയ്തുകഴിഞ്ഞു. ആകെ 102 ഗര്‍ഡറുകളാണ് കാസ്റ്റ് ചെയ്യേണ്ടത്. പാലത്തില്‍നിന്ന് 16 ഗര്‍ഡറുകള്‍ പൊളിച്ചുനീക്കി. തൂണുകള്‍ ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചു. ഏറെ അപകടസാധ്യതയുള്ള ജോലിയാണ് നടക്കുന്നത്. സുരക്ഷാ നടപടികളില്‍ ഒരു വീഴ്ചയും പാടില്ലെന്ന് പ്രത്യേകം നിര്‍ദേശിച്ചു. കോവിഡ് ബാധയുണ്ടാകതെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചതായും ഇ ശ്രീധരന് പറഞ്ഞു.
പുതിയ പാലത്തിന്റെ രൂപകല്‍പ്പനയും ശ്രീധരന് പരിശോധിച്ചു. തുടര്‍ന്ന് ഡിഎംആര്‍സി ഓഫീസും സന്ദര്‍ശിച്ചു. പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിനുള്ള ഉദ്യോഗസ്ഥരെ മാത്രം കൊച്ചിയില്‍ നിലനിര്‍ത്തി സംസ്ഥാനത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിഎംആര്‍സി. ഇക്കാര്യങ്ങളും ശ്രീധരന് വിലയിരുത്തി. ചമ്പക്കര പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായതോടെ കൊച്ചിയില്‍ ഡിഎംആര്‍സി ഏറ്റെടുത്ത ജോലികളെല്ലാം പൂര്‍ത്തിയായിരുന്നു. ഈ മാസം അവസാനത്തോടെ കൊച്ചിയിലെ പ്രവര്‍ത്തനം നാമമാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.