കിഫ്ബിയിലൂടെ തളങ്കര ഗവ. മുസ്ലീം ഹയര്‍ സെക്കണ്ടറി സ്കൂളിന് അത്യുഗ്രന്‍ കെട്ടിടം ലീഗ് കോട്ടയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ വിസ്മയിപ്പിക്കുന്നത് അഞ്ചു കോടിയുടെ കെട്ടിടം നിര്‍മിച്ചത് ഊരാളുങ്കല്‍
കാസര്‍കോട്:തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് പതിറ്റാണ്ടുകളായി പറയാനുണ്ടായിരുന്നത് ഇല്ലായ്മകളുടെ കഥ അകലുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വന്നപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു നാട്ടുകാര്‍ക്ക്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം മികച്ച നിലവാരത്തിലേക്ക് എത്താനായില്ല.യുഡിഎഫ് അധികാരത്തിലെത്തിയ നിരവധി ഘട്ടങ്ങളില്‍ സ്കൂള്‍ ഉള്‍പ്പെടുന്ന കാസര്‍കോട് മണ്ഡലത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായിട്ടും അവരാരും ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിനെ പരിഗണിച്ചില്ല. മൂന്നേക്കര്‍ ഭൂമിയുണ്ടായിട്ടും ജനപ്രതിനിധികളുടെ അലംഭാവംകൊണ്ടുമാത്രം സ്കൂളിലേക്ക് വികസനം എത്തിനോക്കിയില്ല.എന്നാൽ
എല്‍ഡിഎഫ് ഭരണത്തിലെ വിദ്യാഭ്യാസ മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വിദ്യാലയം. കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റി അഞ്ചുകോടി രൂപ ചെലവില്‍ ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
രാഷ്ട്രീയ വേര്‍തിരിവുമില്ലാതെ നാടിന്റെ വികസനം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിക്കുന്നത്. 21 ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, അടുക്കള, ഭക്ഷണശാല ഉള്‍പ്പെടെ 25,726 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പുതിയ കെട്ടിടം. റെയില്‍വേ പാളം അടുത്തുള്ളതിനാല്‍ കെട്ടിടം നിര്‍മിക്കുന്നതിന് തടസം നേരിട്ടിരുന്നു. ഇതിന് പരിഹാരം കാണാനും ജനപ്രതിനിധികള്‍ക്കായില്ല. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കലക്ടര്‍ ഡോ. ഡി സജിത്ബാബു ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 28 ടോയ്ലറ്റും 12 മൂത്രപ്പുരയും നിര്‍മിച്ചു. അടുക്കളയില്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറിയും കുട്ടികള്‍ക്ക് കൈകഴുകാന്‍ പ്രത്യേക സൗകര്യവും ഒരുക്കി. കൂടാതെ 50,000 ലിറ്റര്‍ മഴവെള്ള സംഭരണിയും പമ്പ്ഹൗസും സ്ഥാപിച്ചു. ക്ലാസ്മുറികള് ടൈല്‍സ് പാകി മനോഹരമാക്കി. മുറ്റം ഇന്റര്‍ലോക്ക് പാകലാണ് ഇനി നടക്കാനുള്ളത്. മുറ്റത്തെ മരങ്ങള്‍ക്ക് ചുറ്റും തറകെട്ടി ഗ്രാനൈറ്റ് പാകി. നവംബര്‍ ആദ്യവാരം ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവൃത്തിചെയ്യുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി.