സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു
കൊല്ലം: സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിന്റെ അന്വേഷണചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കുട്ടിയുടെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപ് ജീവനൊടുക്കിയത് തുടര്‍ അന്വേഷണത്തെ ബാധിച്ചിരുന്നു. കൊല്ലം മാറനാട് സ്വദേശി സജീവിന്റെയും വിനിതയുടെയും ഏകമകള്‍ ആദ്യലക്ഷ്മിയാണ് കഴിഞ്ഞമാസം 25ന് ശസ്ത്രക്രിയക്കിടെ മരിച്ചത്.
കുട്ടിക്ക് കാലിന് വളവുണ്ടായിരുന്നത് ശസ്ത്രക്രിയ ചെയ്ത് മാറ്റുന്നതിന് കടപ്പാക്കടയിലെ അനൂപ് ഓര്‍ത്തോ കെയര്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായി മരണപ്പെട്ടുവെന്നായിരുന്നു ആസ്പത്രി അധികൃതര്‍ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞത്. ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആസ്പത്രിക്ക് മുന്നില്‍ സമരവും നടത്തി. ഇതിന് പിന്നാലെയാണ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ഡോക്ടറുടെ ആത്മഹത്യക്കുശേഷം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന് കാണിച്ച് ആദ്യലക്ഷ്മിയുടെ കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനഫലം വന്നശേഷം മാത്രമേ ചികിത്സാപിഴവ് ഉണ്ടായോ എന്ന് വ്യക്തമാകൂ.