മോദിക്കും കേന്ദ്രസർക്കാരിനും വിമർശനം, പിണറായി സർക്കാരിനെ കുറ്റപ്പെടുത്താതെ രാഹുൽ ഗാന്ധി
വയനാട്: കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു. ചൈന രാജ്യത്തിന്റെ അതിർത്തിയിൽ കൈയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണ്. ചൈനയെ കുറിച്ച് ഒരു വാക്ക് പറയാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ചൈന പിടിച്ചെടുത്ത 1200 കിലോമീറ്റർ എപ്പോൾ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പ്രധാനമന്ത്രി പറഞ്ഞാൽ മതിയായിരുന്നു. അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടിയാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ട്. കേരളത്തിലെ ജനങ്ങൾ കാണിക്കുന്ന സ്പിരിറ്റ് അഭിനന്ദനാർഹം. കൊവിഡ് അവലോകന യോഗങ്ങളിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അവസരം നൽകണം. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധന്റെ പരാമർശം ദൗർഭാഗ്യകരമാണ്. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒഴിവാക്കിയതിൽ പരാതിയില്ല. ഞാൻ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണ്. മഹാമാരിയുടെ കാലത്ത് പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ട്.
സ്വർണ്ണ കടത്ത് കേസിൽ എൻഐഎ അന്വേഷണം നടക്കട്ടെ. നീതിപൂർവമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ. കേരള സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസമുള്ളത് ആശയപരമായി മാത്രമുള്ളതാണ്. രാജ്യത്തെ പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ നടുവൊടുക്കും. വയനാട്ടിലെ കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി ഉണ്ടാകണം. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ട്. കമൽ നാഥിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് യോജിപ്പില്ല. ജമ്മു കശ്മീരിൽ ഫാറൂഖ് അബ്ദുള്ളക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.