‘കുഴഞ്ഞു വീണിട്ടും നിർബന്ധിച്ച് ആശുപത്രി മാറ്റി; കൈകാര്യം ചെയ്യുമെന്ന് ആശങ്ക’
ക്രിമിനലിനെ പോലെ വേട്ടയാടുന്നു,
എം. ശിവശങ്കർ
കൊച്ചി : രാഷ്ട്രീയക്കളിയിൽ താൻ കരുവാക്കപ്പെട്ടെന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. കസ്റ്റംസ് കേസിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
ഐഎഎസ് ഓഫിസറായ തന്നെ, മറ്റു ലക്ഷ്യങ്ങൾക്കായി ക്രിമിനലിനെപ്പോലെ എല്ലാ അന്വേഷണ ഏജൻസികളും പ്രോസിക്യൂട്ട് ചെയ്യുകയാണ്. ഇങ്ങനെ പീഡിപ്പിക്കുന്നത് എന്തിനാണെന്നറിയില്ല.
കസ്റ്റംസ്, ഇഡി എന്നിവയ്ക്കു മുന്നിൽ അറുപതിലേറെ തവണ ഹാജരായി; 90 മണിക്കൂർ ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖബാധിതനായി; തകർന്നുപോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിനു വിധേയനാകാൻ തയാറായിരുന്നെങ്കിലും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതു കോടതി വിധി മറികടക്കാനുള്ള ശ്രമമാണ്. എത്രതവണ വേണമെങ്കിലും ഏത് അധികൃതരുടെ മുന്നിലും ഹാജരാകാൻ തയാറാണെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ കസ്റ്റംസിനു ജസ്റ്റിസ് അശോക് മേനോൻ നിർദേശം നൽകി.
രാഷ്ട്രീയം കളിക്കുന്നത് ശിവശങ്കറെന്ന് കസ്റ്റംസ്
കൊച്ചി ∙ രാഷ്ട്രീയം കളിക്കുന്നത് ശിവശങ്കറാണെന്നു കസ്റ്റംസ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമായാണു ശിവശങ്കർ പറയുന്നതെന്നും കസ്റ്റംസ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്താണു സംഭവിച്ചതെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിനെതിരായാണ് ഇപ്പോൾ ശിവശങ്കർ പറയുന്നത്. സമൻസ് സ്വീകരിക്കാനും ഹാജരാകാനും ശിവശങ്കർ വിസമ്മതിച്ചു. സഹകരിക്കാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നത്. 90 മണിക്കൂർ ചോദ്യം ചെയ്തതു തങ്ങൾ മാത്രമല്ല. പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ശിവശങ്കർ വിസമ്മതിക്കുന്നതായും കസ്റ്റംസ് ചൂണ്ടിക്കാട്ടി
‘നിർബന്ധിച്ച് ആശുപത്രി മാറ്റി; കൈകാര്യം ചെയ്യുമെന്ന് ആശങ്ക’
കൊച്ചി ∙ അന്വേഷണത്തിന്റെ ഭാഗമായി 600 മണിക്കൂർ യാത്ര ചെയ്തതു മൂലം ശിവശങ്കറിനു നട്ടെല്ലിനു തകരാർ സംഭവിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. വീട്ടിൽവന്നു സമൻസ് നൽകിയപ്പോൾ സ്വന്തം കാറിൽ ചെല്ലാമെന്നു പറഞ്ഞിട്ടും അനുവദിച്ചില്ല.
കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഭാര്യ അവിടെ ജോലിചെയ്യുന്നു എന്ന കാരണത്താൽ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിച്ച് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. എന്താണിതിനൊക്കെ കാരണമെന്നറിയില്ല. സമൻസിൽ ഒന്നും പറഞ്ഞിട്ടില്ല. കസ്റ്റംസ് നൽകിയ നോട്ടിസിൽ കേസ് നമ്പർ പോലും ഇല്ലായിരുന്നു. അറസ്റ്റ് ചെയ്താൽ കസ്റ്റംസ് ശാരീരികമായി കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.