ഹൈക്കോടതിയില്‍ സിബിഐക്ക് വൻ തിരിച്ചടി ഉത്തരംമുട്ടി കേന്ദ്ര ഏജൻസി ലൈഫ് മിഷന് കേസില്‍ വേഗം വാദം കേള്‍ക്കണമെന്ന ഹര്‍ജിയും തള്ളി അന്വേഷണത്തിനുള്ള സ്റ്റേയും നീക്കിയില്ല
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സിബിഐ ആവശ്യം ഹൈക്കോടതി തള്ളി. കോടതിയിൽ നിന്ന് പ്രഹരമേറ്റ സിബിഐക്ക് ഉത്തരം മുട്ടുന്ന രംഗങ്ങളാണ് ഇന്ന് കണ്ടത്. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുള്ള സ്റ്റെ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദം നല്‍കണമെന്നുമുള്ള ആവശ്യവുമായാണ് സിബിഐ ഹൈക്കോടതിയില്‍ എത്തിയത്. എതിര് സത്യവാങ്മൂലം എവിടെ എന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ചോദ്യം. എന്നാല്‍ എതിര് സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി. വകുപ്പ്തല കാര്യം ആയതിനാല്‍ ആണ് കാലതാമസം എന്നും സിബിഐ വിശദീകരിച്ചു. എന്നാല്‍ പിന്നെ എന്തിനാണ് വേഗത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു കോടതി തിരിച്ചുചോദിച്ചു. അന്വേഷണത്തിനുള്ള സ്റ്റേയും നീക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. അതേസമയം എതിര് സത്യവങ്മൂലം നല്കി പുതിയ ഹര്‍ജി നല്‍കാം. അതിനു ശേഷം കേസ് എപ്പോള്‍ പരിഗണിക്കണം എന്ന് തീരുമാനിക്കാം എന്നും കോടതി വ്യക്തമാക്കി. അതേസമയം നടപടിക്രമങ്ങളിലെ കാലതാമസം മൂലമാണ് എതിര് സത്യവാങ്മൂലം നല്കാന് വൈകുന്നതെന്ന് സിബിഐ അഭിഭാഷകന് അറിയിച്ചു.സത്യവാങ്മൂലം വിശദപരിശോധനയ്ക്കായി ഡല്‍ഹിയ്ക്ക് അയച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ സമര്‍പ്പിക്കും.എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ലൈഫ് മിഷന് പദ്ധതിയെ താറടിച്ച് കാണിക്കാനാണ് ശ്രമം. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അപേക്ഷ അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന പോരില്‍ താന്‍ ബലിയാടാവുകയാണെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വാദം
ഓണ്‍ലൈന്‍ വഴിയാണ് കോടതി വാദം കേട്ടത് .