ഫാഷൻ ഗോൾഡ് തട്ടിപ്പ് :
അന്വേഷക സംഘം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നു
തൃക്കരിപ്പൂര്‍ : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് അന്വേഷക സംഘം ബാങ്കുകള്‍ക്ക് നോട്ടീസ് നല്കി. മൂന്ന് ജ്വല്ലറിശാഖകളുടെയും സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തുന്നതിനായാണ് 15 ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയത്. ചട്ട വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടതിനാലാണ് ബാങ്കുകളില്‍ നിന്നും വിവരം ശേഖരിക്കുന്നത്.
എംഎല്‍എ, എംഡി എന്നിവരുടെ വീടുകളിലും പൂട്ടിയിട്ട ജ്വല്ലറിയിലും നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരവും കമ്പനി പ്രാക്ടീഷണര്‍ സെക്രട്ടറിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.നിക്ഷേപകരില്‍ കൂടുതല്‍ പേരും പണമായാണ് നല്‍കിയിട്ടുള്ളതെന്ന മൊഴിയുമുണ്ട്. ബാങ്ക് രേഖകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും മൊഴിയും പരിശോധിക്കുമ്പോള്‍ കുടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കേസ് അന്വേഷിക്കുന്ന എ എസ്പി വിവേക് കുമാറാണ് ബാങ്കുകളോട് വിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ടു നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പരാതി നല്‍കിയവരില്‍നിന്ന് മൊഴിയെടുത്തു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, ഐ ആര് ബറ്റാലിയന് കമാന്‍ഡന്റ് നവനീത് ശര്‍മയും സംഘത്തിലുണ്ട്.
88 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. എം സി ഖമറുദ്ദീന്, എംഡി ടി കെ പൂക്കോയ തങ്ങള്‍, ഡയറക്ടര്‍ മാട്ടൂല്‍ സ്വദേശി ഹാരിസ് അബ്ദുള്‍ ഖാദര്‍, എം ഡിയുടെ മകന് ഹിഷാം ഉള്‍പ്പെടെ നാല് പേരാണ് പ്രതികള്‍.