ഗാന്ധിജയന്തിദിനത്തില്‍ മദ്യവില്‍പ്പന കാഞ്ഞങ്ങാട്ടെ ബിജെപി നേതാവിന്റെ നക്ഷത്ര ബാര്‍ പൂട്ടിച്ചു
കാഞ്ഞങ്ങാട് : ഗാന്ധിജയന്തിദിനത്തില്‍ മദ്യവില്‍പ്പന നടത്തിയതിന് കാഞ്ഞങ്ങാട്ടെ ചതുര്‍നക്ഷത്ര ഹോട്ടലിന്റെ ബാര്‍ എക്സൈസ് പൂട്ടിച്ചു. ബാര്‍ ഉടമ എം.നാഗരാജനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഒക്ടോബര്‍ രണ്ടിന് സ്ഥാപനത്തിന്റെ ലിഫ്റ്റില്‍ ഒളിപ്പിച്ചായിരുന്നു വില്‍പ്പന. വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘം 34.5 ലിറ്റര്‍ വിദേശ മദ്യവും 32.5 ലിറ്റര്‍ ബിയറും പിടിച്ചെടുത്തിരുന്നു. സ്കൂട്ടറിലും കാറിലുമൊക്കെ ആളുകളെത്തി മദ്യം വാങ്ങിപ്പോകുന്നതായ വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ആലാമിപ്പള്ളിയിലെ ഈ ഹോട്ടലിലെത്തിയത്. മദ്യം വാങ്ങിപ്പോകുന്നവരെ പിടികൂടി ചോദ്യംചെയ്യുകയും ചിലരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മിഷണര്‍ എസ്.അനന്തകൃഷ്ണന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദുചെയ്തു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച വൈകീട്ട് ഹൊസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.മുരളീധരന്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.അശോകന്, എം.കെ.രവീന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.അഭിലാഷ് എന്നിവരെത്തി ഹോട്ടലിലെ മദ്യവില്‍പ്പന വിഭാഗവും ഗോഡൗണും പൂട്ടി സീല്‍ചെയ്തത്. വിദേശനിര്‍മിത വിദേശമദ്യം, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ നൂറുകണക്കിന് പെട്ടികള്‍ സ്റ്റോക്കുണ്ടായിരുന്നു.
ഹൊസ്ദുര്‍ഗ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി.പ്രസന്നകുമാറാണ് നാഗരാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറും ബി.ജെ.പി. പ്രവര്‍ത്തകനും വ്യാപാര പ്രമുഖനുമാണ് നാഗരാജന്. അബ്കാരി നിയമത്തിലെ 56 (ബി) വകുപ്പനുസരിച്ചാണ് കേസെടുത്തത്. എഫ്.എല്‍.ആക്ട് 34, അബ്കാരി നിയമം 26 വകുപ്പ് അനുസരിച്ചാണ് ബാര്‍ ലൈസന്‍സ് റദ്ദുചെയ്തതെന്ന് കാണിച്ച് ബാറുടമയ്ക്ക് നോട്ടീസ് നല്‍കിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 15 ദിവസത്തിനകം ഇതിന് മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.