തന്നെ വധിക്കാന്‍ മുംബൈ സംഘത്തിന് കണ്ണൂരിലെ സി.പി.എം. നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം എല്‍ എ പരാതി നല്കി
തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി എം.എല്‍.എ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
തന്നെ ഇല്ലാതാക്കാന്‍ കണ്ണൂരിലെ സി.പി.എം. നേതാവ് മുംബൈയിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായാണ് എം.എല്‍.എ. ആരോപിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണ് ഈ നേതാവ്. ഇയാള്‍ ഗുണ്ടാസംഘവുമായി നടത്തുന്ന സംഭാഷണങ്ങളുടെ വോയ്സ്ക്ലിപ്പുകളടക്കമാണ് പരാതി നല്‍കിയത്.
25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുന്നതും കെ.എം.ഷാജിയെ തിരിച്ചറിയാനായി സ്കൈപ്പിലൂടെ സംവിധാനം ഒരുക്കാമെന്നും കൃത്യം നടത്തിയശേഷം അന്നുതന്നെ തിരിച്ച മുംബൈയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതും വോയ്സ്ക്ലിപ്പുകളില് വ്യക്തമാണെന്നും എം.എല്‍.എ പറഞ്ഞു.
പ്രമുഖ പ്രാദേശിക നേതാവിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് വിവരം ചോര്‍ന്നത്. എന്നാല്‍ തനിക്ക് വിവരം കൈമാറിയ വ്യക്തിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ എം.എല്‍.എ.തയ്യാറായില്ല.’കേരളത്തിലെ ഒരു പൊതുപ്രവര്‍ത്തകനെതിരേയും സ്വീകരിക്കാന്‍ പാടില്ലാത്ത ചില സമീപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. കണ്ണൂരിലെ ഒരു പാര്‍ട്ടിഗ്രാമത്തിലെ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ വ്യക്തി ബോംബെയിലെ ഒരു ഗ്രൂപ്പുമായി നടത്തുന്ന സംഭാഷണത്തിന്റെ ഒരു മൂന്ന് വോയ്സ് ക്ലിപ്പുകളാണ് ലഭിച്ചത്. പരാതി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡി.ജി.പി.ക്കും നല്‍കിയിട്ടുണ്ട്.’- കെ.എം.ഷാജി പറഞ്ഞു.