ഭാഷാ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ച് എൽ ഡി എഫ് സർക്കാർ കാസർകോട് മുൻ നഗരസഭാ ചെയർമാൻ എസ് ജെ പ്രസാദ് കേരള ബാങ്ക് ഡയരക്ടർ സ്ഥാനത്തേക്ക്
കാസർകോട് :കേരളത്തിന്റെ സ്വന്തം ബാങ്കായ പുതിയ കേരള ബാങ്കിന്റെ ഭരണസമിതി അംഗമായി കാസർകോട്ടെ സിപിഎം നേതാവ് എസ് ജെ പ്രസാദ് നിയമിതനായേക്കും. കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ കേരള ബാങ്കിലെ പ്രതിനിധി കൂടിയായിരിക്കും പ്രസാദ്. നഗരത്തിലെ സിപിഎം നേതാവ് കൂടിയായ പ്രസാദ് കാസർകോട് മുനിസിപ്പൽ ചെയർമാനായും കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ താരാ പ്രസാദും സിപിഎം കൗൺസിലറാ യിരുന്നു. മലബാറിലെ പ്രമുഖ ദേശസാൽകൃത -സഹകരണ ബാങ്കുകളിൽ ഓഡിറ്റിങ് നടത്തുന്നത് പ്രസാദ് ചെയർമാനായ ചാർട്ടേർഡ് അക്കൗണ്ടിങ്ങ് കമ്പനിയാണ്. നിലവിൽ ജില്ലയിലെ സൂപ്പർ ഗ്രേഡ് ബാങ്കായ കാസർകോട് സർവി സ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്.കർഷക പ്രമുഖനായ പ്രസാദ് മല്ലികാർജുന ക്ഷേത്രത്തിന്റെയും പുലിക്കുന്ന് ജഗദംബാ ക്ഷേത്രത്തിന്റെയും ഭരണ സാരഥിയായിരുന്നു. ഹിദായത്ത് നഗറിലെ ഭിന്നശേഷിക്കാർക്കുള്ള പ്രഗതി സ്കൂൾ സ്ഥാപകനും ചെയർമാനുമാണ്. കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിൽ പിണറായി സർക്കാർ വന്നതിന് ശേഷം വിവിധ രംഗങ്ങളിൽ തുടരുന്ന വികസന മുന്നേറ്റത്തിനിട യിലാണ് എസ് ജെ പ്രസാദിനെ തുളു നാട്ടിൽ നിന്ന് കേരള ബാങ്ക് ഡയറക്ടറായി നിയമിക്കപ്പെടാൻ പോകുന്നത്. സിപിഎം ജില്ലാ നേതൃത്വവും ഇതിന് പച്ചക്കൊടി കാണിച്ചതായാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം.