ടാറ്റാ ആസ്പത്രി ഉപകരണങ്ങൾക്ക് ജില്ലാ ഭരണകൂടം പണം നൽകും നാളെ ടെക്നീഷ്യന്മാരെത്തും
കാസര്‍കോട് : ചട്ടഞ്ചാലില്‍ നിര്‍മ്മിച്ച ടാറ്റാ ആസ്പത്രിയില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് പരിശോധിക്കാന്‍ ചൊവ്വാഴ്ച ടെക്നിഷ്യന്മാരെത്തും. കേരള മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ കോര്‍പ്പറേഷനിലെ ടെക്ക്നീഷ്യൻമാരാണ് എത്തുന്നത്. രണ്ടേകാല്‍ കോടിയുടെ ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കേണ്ടത്. ഈ തുക കളക്ടറുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് വകമാറ്റും. ഇതിനുള്ള സര്‍ക്കാര്‍ അനുമതി രണ്ടുദിവസത്തിനുള്ളില്‍ കിട്ടിയേക്കും. ഇത് മുന്നില്‍ക്കണ്ട് ഉപകരണങ്ങളുടെ പട്ടിക മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ കോര്പ്പറേഷന് കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ അരക്കോടിയോളം ചെലവുവരുന്ന ഈ സംരംഭം ആദ്യഘട്ടത്തില്‍ നടക്കുമോയെന്നത് സംശയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ് പറഞ്ഞു.
ടാറ്റാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുള്‍പ്പടെ 191 ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഈ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി. രണ്ടര ആഴ്ച മുന്‍പാണ് ഇത്രയും ജീവനക്കാരുടെ തസ്തിക നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവായത്. എതുരീതിയിലാണ് നിയമനം നടത്തേണ്ടതെന്ന് വ്യക്തമായിരുന്നില്ല. ഇതുസംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് അയച്ച കത്ത് സഹിതമുള്ള ഫയലാണ് സെക്രട്ടറിക്ക് കൈമാറിയത്.