വാഷിങ്ടന്‍ ∙ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധം നടന്നത് തന്റെ മൂക്കിനു തുമ്ബത്താണെന്നും അതിനാല്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. അമേരിക്കന്‍ ടിവി ചാനലായ പിബിഎസ് അടുത്ത മാസം ഒന്നിനു സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയിലാണു പരാമര്‍ശം. വധത്തെക്കുറിച്ചു മുന്‍കൂട്ടി അറിവു ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് ബിന്‍ സല്മാന് ഇതാദ്യമായാണ് ഈ വിഷയം പരസ്യമായി ചര്‍ച്ച ചെയ്യുന്നത്.
വിവാഹരേഖ കൈപ്പറ്റാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ ചെന്ന ഖഷോഗി അവിടെവച്ചു കൊല്ലപ്പെടുകയായിരുന്നു. ശരീരഭാഗങ്ങള്‍ പല കഷണങ്ങളാക്കി മറവു ചെയ്തെന്നാണ് കരുതപ്പെടുന്നത്.
റിയാദിലെ കാറോട്ട മല്‍സര വേദിക്കു സമീപം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2നാണ് കിരീടാവകാശി പിബിഎസിന് അഭിമുഖം അനുവദിച്ചത്. ഖഷോഗി വധത്തെക്കുറിച്ച് എന്തുകൊണ്ടാണ് അറിയാതെ പോയത് എന്ന ചോദ്യത്തിന് സൗദിയില്‍ 2 കോടി ജനങ്ങളും 30 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെന്നുമായിരുന്നു മറുപടി നല്‍കിയത്.
സൗദി കിരീടാവകാശിയുടെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്ന ഖഷോഗി അദ്ദേഹത്തെ ഭയന്നിരുന്നു എന്നതിനു വ്യക്തമായ സൂചനകള്‍ ലഭിച്ചതായി യുഎന്‍ പ്രത്യേക അന്വേഷക സംഘം ഉള്‍പ്പെടെ അറിയിച്ചിരുന്നു.