ശിവശങ്കറിന് നട്ടെല്ലിന്റെ കശേരുവില്‍ പ്രശ്നങ്ങള്‍; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും
തിരുവനന്തപുരം: കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ തിങ്കളാഴ്ച ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും. നാളെ കോടതി അവധി ആയതിനാല്‍ കസ്റ്റംസിന് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ഇന്ന് കസ്റ്റഡിയില്‍ എടുത്തേ മതിയാകു.
എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ കസ്റ്റംസ് അടുത്ത നടപടികളിലേക്ക് കടക്കുവെന്നാണ് വിവരം.
തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലേക്ക് കൊണ്ടുപോകാനായിരുന്നു കസ്റ്റംസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
കടുത്ത നടുവേദന ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നട്ടെല്ലിന്റെ കശേരുവില്‍ പ്രശ്നങ്ങളുണ്ടെന്ന കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പരിശോധനയില്‍ ഇത് കാര്യമായ പ്രശ്നമല്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ ഇന്നുതന്നെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കാനാണ് സാധ്യത.
അറസ്റ്റ് ഉണ്ടായാല്‍ ജാമ്യമെടുക്കാനുള്ള നടപടികളും ഒരുഭാഗത്തുനിന്ന് നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം