പത്ത് വര്‍ഷം മുമ്പ് ടെറസില്‍ നിന്ന് വീണ് കോമയിലായ ആള്‍ക്ക് ബോധം വന്നപ്പോള്‍ പോലീസ് ഞെട്ടി. സുഹൃത്തിൻറെ ചതിയുടെ കഥ ഇങ്ങനെ
ബംഗളുരു: 10 വര്‍ഷം മുമ്പ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണതിനെ തുടര്‍ന്ന് കോമയിലായിപ്പോയ ആള് രോഗമുക്തനായപ്പോള് നടന്ന സംഭവങ്ങള്‍ ഓര്ത്തെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായത് രണ്ടു സഹപാഠികള്‍. ഇരുവര്‍ക്കും ഇന്നലെ കോടതി ഏഴുവര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു.
ബംഗളുരുവിലെ കെ.ആര് പുരത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സൗവിക് ചാറ്റര്‍ജി 2010-ലാണ് താമസിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചാറ്റര്‍ജി വൈകാതെ കോമയിലായി. ഏതാനും മാസങ്ങള്‍ ബംഗളുരുവില്‍ ചികിത്സിച്ച ശേഷം ചാറ്റര്‍ജിയെ സ്വദേശമായ കൊല്‍ക്കത്തയിലേക്ക് മാറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ചികിത്സക്കൊടുവിലാണ് ചാറ്റര്‍ജി ബോധം വീണ്ടെടുത്തത്. തുടര്‍ന്ന് സംഭവങ്ങള്‍ ഓര്‍ത്തെടുത്തു. ഇതോടെ അന്വേഷണ ഏജന്‍സികള്‍ ചാറ്റര്‍ജിയുടെ സഹപാഠിയും അസം സ്വദേശിയുമായ ശശാങ്ക് ദാസ്, ഇവരുടെ സീനിയറായി പഠിച്ചിരുന്ന ഒഡീഷ സ്വദേശി ജിതേന്ദ്ര കുമാര്‍ സാഹു എന്നിവരെ അറസ്റ്റു ചെയ്തു. ജാമ്യത്തിലിറങ്ങിയ ദാസ് ഡല്‍ഹിയിലെ ഒരു സ്വകാര്യ ബാങ്കിലും സാഹു ബംഗളുരുവിലെ ഒരു ഐ.ടി സ്ഥാപനത്തിലും ജോലി ചെയ്തു വരുന്നതിനിടെയാണ് ഇന്നലെ ശിക്ഷ വിധിച്ചത്. ചാറ്റര്‍ജിയെ വധിക്കാന്‍ ശ്രമിച്ചതിന് ഇരുവരെയും സഹായിച്ച തിരിച്ചറിയപ്പെടാത്ത രണ്ടു പ്രദേശവാസികള്‍ ഉണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നാം സെമസ്റ്റര്‍ ബി.ഇ വിദ്യാര്‍ത്ഥികളായിരുന്നു ചാറ്റര്‍ജിയും ദാസും. ഇവിടെ തന്നെ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു സാഹു. ഇതേ ക്യാംപസിലെ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സൊണാലി (യഥാര്‍ത്ഥ പേരല്ല) ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായിരുന്നു. സൊണാലിയുടെ മേല്‍ കണ്ണുണ്ടായിരുന്ന ദാസ്, ഈ പെണ്‍കുട്ടിയെക്കുറിച്ചും ചാറ്റര്‍ജിയുടെ മാതാവിനെക്കുറിച്ചും വൃത്തികെട്ട രീതിയില്‍ സംസാരിച്ചതോടെ ചാറ്റര്‍ജി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ഇതോടെ ദേഷ്യത്തിലായ ദാസ്, ഇക്കാര്യങ്ങള്‍ സാഹുവുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ദാസ് 2010 ഡിസംബര്‍ ആറിന് രാവിലെ ഒമ്പതു മണിക്ക് ചാറ്റര്‍ജിയെ കണ്ട് തന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ ടെറസിലേക്ക് പോകാമെന്ന് ചാറ്റര്‍ജിയോട് നിര്‍ദേശിച്ചു. അവിടെ വച്ച് ദാസും സാഹുവും രണ്ട് പ്രദേശവാസികളും ചേര്‍ന്ന് ചാറ്റര്‍ജിയെ മര്‍ദ്ദിക്കുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു, പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.