നീലേശ്വരം: ബങ്കളത്ത് താമസിക്കുന്ന ഇതര സംസ്ഥാന യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം ഉപേക്ഷിച്ച യുവാവിനെതിരെ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. കാലിക്കടവ് ചൂരിക്കൊവ്വലിലെ പെയിന്റിങ്ങ് തൊഴിലാളിയായ അനീഷാണ് 32, ബങ്കളത്ത് താമസിച്ചിരുന്ന 27 കാരിയായ ഇതര സംസ്ഥാന യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയത്. 2018 മുതലാണ് ഇരുവരും തമ്മിൽ പരിചയത്തിലായത്.
അനീഷും, യുവതിയും ബങ്കളം, ചാലിങ്കാൽ, കുണിയ എന്നിവിടങ്ങളിൽ മുറി വാടകയ്ക്കെടുത്ത് ഭാര്യാഭർത്താക്കൻമാരെപ്പോലെ ജീവിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം അനീഷ് യുവതിയെ ലൈംഗിക വേഴ്ചയ്ക്കിരയാക്കിയതായും പരാതിയിൽപ്പറയുന്നു. യുവതി ഗർഭിണിയായതോടെ അനീഷ് ഇവരെ ഉപേക്ഷിച്ച് മുങ്ങി. ഇതേതുടർന്ന് യുവതി ബന്ധുവിനൊപ്പം ചന്തേര പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുക്കുകയായിരുന്നു.
കുറ്റകൃത്യം നടന്നത് നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് കേസ് നീലേശ്വരത്തേയ്ക്ക് മാറ്റിയത്. വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമായ അനീഷിനെതിരെ ബലാത്സംഗക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. പരാതിക്കാരി ഇപ്പോൾ കുണിയയിൽ ബന്ധുവിനൊപ്പമാണ് താമസിക്കുന്നത്.