ദുരഭിമാനക്കൊല ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് കുഴിച്ചിട്ടു
ബെംഗളൂരു: ബെംഗളൂരു മഗഡി താലൂക്കില്‍ 18-കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പോലീസ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മാവിന് തോട്ടത്തില്‍ കുഴിച്ചിട്ടതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതികളായ കൃഷ്ണപ്പ(48) ബന്ധുക്കളായ ചേതന്‍ എന്ന യോഗി(21) 17കാരന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ ഒമ്പതിനാണ് ബി.കോം വിദ്യാര്‍ഥിയായ മകള്‍ ഹേമലതയെ കാണാനില്ലെന്ന് കൃഷ്ണപ്പ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടെ കൃഷ്ണപ്പ തന്നെ മറ്റുചില സൂചനകളും നല്കി. മകളെ തോട്ടത്തില്‍ ചിലര്‍ കണ്ടതായും മകളുടെ നിലവിളി കേട്ടതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇവിടെ പരിശോധിച്ചപ്പോള്‍ കുഴിച്ചിട്ടനിലയില്‍ മകളുടെ മൃതദേഹം കണ്ടെത്തിയെന്നും കൃഷ്ണപ്പ പറഞ്ഞു. മകളുടെ കൊലപാതകത്തിന് പിന്നില്‍ കാമുകനായ പുനീത് ആണെന്നും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ ഹേമലതയെ പുനീതും കൂട്ടാളികളും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. കൃഷ്ണപ്പയുടെ ബന്ധുക്കള്‍ തന്നെയാണ് ഹാഥ്റസ് സംഭവവുമായി താരതമ്യപ്പെടുത്തി വ്യാജ പ്രചരണം നടത്തിയത്.
എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പുനീത് നിരപരാധിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കൃഷ്ണപ്പയെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. മകളെ താനും ബന്ധുക്കളായ രണ്ടുപേരും ചേര്‍ന്നാണ് തോട്ടത്തിലേക്ക് കൊണ്ടുപോയതെന്നും തുടര്‍ന്ന് പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വെളിപ്പെടുത്തി. മരണം ഉറപ്പിച്ച ശേഷം മൂവരും ചേര്‍ന്ന് കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു. ദളിത് യുവാവായ പുനീതുമായി ഹേമലത പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.