‘മതവിദ്വേഷവും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമം’; കങ്കണയ്ക്കും സഹോദരിക്കും എതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രങ്കോലി ചന്ദേലിനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി. ട്വീറ്റുകളിലൂടെ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കുമിടയില് മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസ്. മജിസ്ട്രേറ്റ് ജായ്ഡു ഗുലേയാണ് കങ്കണക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവറലി സയീദിന്റെ പരാതിയിലാണ് നടപടി. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 എ, 295 എ, 124എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കങ്കണക്കെതിരെ കേസെടുക്കുക. സുശാന്ത് സിംഗിന്റെ മരണത്തിലും പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തിലും കങ്കണയുടെ ട്വീറ്റുകള്‍ മതവിദ്വേഷം പരത്തുന്നതാണെന്നാണ് പരാതി. മുംബയെ കങ്കണ പാക് അധീന കാശ്മീരുമായി താരതമ്യം ചെയ്തതും പരാതിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ട്വീറ്റുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അന്വേഷിക്കണമെന്നും പരാതിക്കാരൻ പറഞ്ഞു.കഴിഞ്ഞ കുറേക്കാലമായി ബോളിവുഡിനെ കങ്കണ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കങ്കണയുടെ വിവാദ ട്വീറ്റുകളില്‍ ഇത് രണ്ടാമത്തെ കേസാണ് എടുക്കുന്നത്. ഇതിന് മുമ്പ് ബംഗളൂരു പൊലീസും സമാന ആരോപണങ്ങളില്‍ കേസെടുത്തിരുന്നു. കേന്ദ്രത്തിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ അവര്‍ വിമര്‍ശിച്ചിരുന്നു. ‘കലാപത്തിന് കാരണമായ സിഎഎ (പൗരത്വ ഭേദഗതി നിയമം) സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച ആളുകള്‍ തന്നെയാണ് ഇപ്പോള്‍ കര്‍ഷക ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്, അവര്‍ തീവ്രവാദികളാണ് ‘, കങ്കണ സെപ്തംബര്‍ 21 ന് ട്വീറ്റ് ചെയ്തു.