കെ.ടി ജലീലിന്റെ ഗണ്മാനെയും രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്തു ഫോണ്‍
പിടിച്ചെടുത്തു
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗണ്മാന് പ്രജീഷിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഫോണിന്റെ ശാസ്ത്രീയ പരിശോധന അടക്കം നടക്കുകയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ രണ്ട് സുഹൃത്തുക്കളേയും കസ്റ്റംസ് ചോദ്യം ചെയ്തു. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോണ്‍ പിടിച്ചെടുത്തത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍ നിന്ന് വിളിച്ചതടക്കം ഉളള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. റംസാന് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.