ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ പ്രതിയായ എം സി ഖമറുദ്ദീനെ ടാസ്ക് കോളേജ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി.
തൃക്കരിപ്പൂർ: ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ പ്രതിയായ എം സി ഖമറുദ്ദീൻ എംഎൽഎയെ വിവാദമായ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജി (ടാസ്ക്)ന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് ഭരണസമിതി നീക്കി. വഖഫ് ഭൂമി ഇടപാടിലൂടെ വിവാദമായ കോളേജ് ട്രസ്റ്റ് മുസ്ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ളതാണ്. ജ്വല്ലറിത്തട്ടിപ്പിനുപിന്നാലെ, കോളേജിന്റെപേരിൽ കോടികൾ നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചതും പുറത്തുവന്നിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജ് വ്യാജരേഖ നൽകിയാണ് കഴിഞ്ഞ നാലുവർഷം സർവകലാശാലയിൽ നിന്ന് അഫിലിയേഷൻ നേടിയത്. ഇത് അന്വേഷിക്കാൻ കണ്ണൂർ സർവകലാശാല ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഖമറുദ്ദീൻ ചെയർമാനായ കോളേജിന്റെ ട്രഷറർ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ എ ജി സി ബഷീറാണ്.
85 പേരിൽനിന്ന് 15 കോടി രൂപ നിക്ഷേപമായി വാങ്ങി 2013ലാണ് ലീഗ് നേതാക്കൾ കോളേജ് ആരംഭിച്ചത്. എന്നാൽ, സ്വന്തം കെട്ടിടമോ അടിസ്ഥാന സൗകര്യമോ ഒരുക്കിയില്ല. കഴിഞ്ഞ വർഷം ആയിറ്റിയിലെ സ്വകാര്യ സ്കൂളിന്റെ കെട്ടിടം കാണിച്ചാണ് സർവകലാശാലയിൽനിന്ന് അഫിലിയേഷൻ നേടിയത്. ഇത്തവണ തൃക്കരിപ്പൂർ ജാമിഅ സയ്യദിയ ഇസ്ലാമിയ അഗതിമന്ദിരത്തിന്റ പേരിലുള്ള വഖഫ് ഭൂമിയും സ്കൂൾ കെട്ടിടത്തിന്റെ രേഖയും സമർപ്പിച്ചാണ് അഫിലിയേഷന് ശ്രമിച്ചത്. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് താൽക്കാലിക അംഗീകാരം നേടി.
കോളേജിന്റെ ക്രമക്കേട് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കണ്ണൂർ സർവകലാശാലക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് സിൻഡിക്കറ്റ് അന്വേഷണത്തിന് തീരുമാനിച്ചത്.