ദന്ത ഡോക്ടറുടെ കൊലപാതകം; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി,കുത്താൻ ഉപയോഗിച്ച കത്തി ഡെന്റൽ ക്ലിനിക്കിലെ എസിയുടെ മുകളിൽ നിന്ന് കണ്ടെത്തി
തൃശ്ശൂർ: ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്റീരിയർ ഡിസൈനർ മഹേഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഡെന്റൽ സർജനായ മൂവാറ്റുപുഴ സ്വദേശിനി സോനയെ തൃശൂർ കുട്ടനെല്ലൂരിലെ ക്ലിനിക്കിലിട്ടാണ് മഹേഷ് കുത്തിക്കൊന്നത്.സോനയെ കുത്താൻ ഉപയോഗിച്ച കത്തി ഡെന്റൽ ക്ലിനിക്കിലെ എസിയുടെ മുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി യുവതിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാതായപ്പോൾ സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.മധ്യസ്ഥ ശ്രമങ്ങൾക്കെന്ന വ്യാജേനയാണ് പ്രതി സുഹൃത്തുക്കൾക്കൊപ്പം ക്ലിനിക്കിൽ എത്തിയത്. തുടർന്ന് സോനയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ ക്ലിനിക്കിലുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തി എസിയുടെ മുകളിൽ ഒളിപ്പിച്ചു വച്ച ശേഷമാണ് മഹേഷ് ക്ലിനിക്കിൽ നിന്ന് പോയത്. ഒളിവിൽ കഴിയവേയാണ് ഇയാൾ പിടിയിലായത്.