ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ നൂറുകണക്കിന് യാത്രക്കാരെ മടക്കി അയച്ചു
ദുബായ്: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍. നൂറുകണക്കിന് യാത്രക്കാരാണ് ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങുകയും തുടര്‍ന്ന് അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കപ്പെടുകയും ചെയ്തത്. ഈ സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടതായി എയര്‍ലൈനുകള്‍ക്കും ട്രാവല്‍ ഏജന്റുകള്‍ക്കും വ്യാഴാഴ്ചയാണ് നിര്‍ദ്ദേശം ലഭിച്ചത്.
നിര്‍ദ്ദേശം അനുസരിച്ച് പാകിസ്ഥാന്, ഇന്ത്യ, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ – മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് സാധുവായ ഒരു റൗണ്ട് ട്രിപ്പ് കൈവശം ഉണ്ടായിരിക്കണം.ചട്ടങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ അവര്‍ എവിടെ നിന്നാണോ വന്നത് അങ്ങോട്ടു തന്നെ തിരിച്ചയയ്ക്കുന്നത് ആയിരിക്കും. ബന്ധപ്പെട്ട എയര്‍ലൈനുകളുടെ ചെലവില്‍ ആയിരിക്കും തിരിച്ചയയ്ക്കുകയെന്നും എയര്‍ലൈനുകള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എയര്‍ലൈനുകള്‍ ലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്കി.
ദുബായിലേക്ക് പോകുന്ന എല്ലാ വിനോദ, സന്ദര്‍ശക വിസ യാത്രക്കാരും ദുബായില്‍ നിന്ന് തിരിച്ചുള്ള മടക്കടിക്കറ്റും കൈവശം വെയ്ക്കേണ്ടതാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതി നല്കുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം, മടക്ക ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്നും അവരുടെ സ്വന്തം ചെലവില്‍ നാടു കടത്തപ്പെടുമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, യാത്രക്കാരുടെ കൈവശം ഏറ്റവും കുറഞ്ഞത് 2000 ദിര്‍ഹം എങ്കിലും വേണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു.
അതേസമയം, സന്ദര്‍ശന ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ദുബായിലേക്ക് പ്രവേശനം നിഷേധിച്ച നൂറുകണക്കിന് യാത്രക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബായിലെ ഇന്ത്യന്‍, പാകിസ്ഥാന് മിഷന്‍സ് സ്ഥിരീകരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 200 ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയത്. ആവശ്യമായ നടപടികള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 120 പേരെ തിരികെ നാട്ടിലേക്ക് അയച്ചു. 30 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
ബാക്കിയുള്ളവരെ മടക്കി അയച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറിലെ കൗണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.
പാകിസ്ഥാനില്‍ നിന്നുള്ള 561 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. അതില്‍ 23 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ബാക്കിയുള്ളവരില്‍ 386 പേരെ മടക്കി അയച്ചു. 152 പേര് ഇപ്പോഴും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ദുബായിലെ പാകിസ്ഥാനി കോണ്‍സുലേറ്റിലെ വക്താവ് അറിയിച്ചു.