ന്യൂഡല്‍ഹി: പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. പാകിസ്ഥാന്റെ സൈനിക അഭ്യാസം നിരീക്ഷിക്കാനാണ് ഈ നീക്കം. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്ഥാന് അറേബ്യന്‍ സമുദ്രത്തില്‍ തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകള്‍ എന്നിവയുമായി അതിര്‍ത്തിയിലെത്തി പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പശ്ചിമ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു.
ഭീകര സംഘടനകള്‍ക്ക് പണം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്കായി സഹകരണ സംഘടനാ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന് വിമര്‍ശിച്ചിരുന്നു.
അതേസമയം, പാകിസ്ഥാന് ഭീകരതയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഹൗഡി മോദി പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ര്ട സംഘടന പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ച് ഇനി ഒരു സന്ദേശവും നല്‍കേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മോദി പാക്കിസ്ഥാന് ശക്തവും വ്യക്തവുമായ സന്ദേശം നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഒരുമിച്ചു പ്രവര്‍ത്തിച്ചു പരിഹാര മാര്‍ഗം കണ്ടെത്തുമെന്നും യു.എസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.