ചെങ്കള സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാന്‍ കാരണം ഉണ്ടോ ? സഹകരണ വകുപ്പിന്റെ നോട്ടീസ്.
കാസര്‍കോട്: ചെങ്കള സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ സഹകരണ വകുപ്പിന്റെ നോട്ടീസ്. സഹകരണ ബാങ്കില്‍നിന്നും ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനാലാണ് തുടര്‍നടപടിയുടെ ഭാഗമായി ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് നോട്ടീസ് നല്‍കിയത്.
കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ (ജനറല്‍) ചുമതല വഹിക്കുന്ന എ ഷാജനാണ് ബാങ്ക് സെക്രട്ടറിക്കും പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും ഭരണസമിതി അംഗങ്ങള്‍ക്കും രജിസ്ട്രേഡ് നോട്ടീസ് അയച്ചിരിക്കുന്നത്.
15 ദിവസത്തിനകം നേരിട്ടോ, തപാല്‍ മുഖാന്തരമോ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ ആറിന് രാവിലെ ഓഫീസില്‍ ഹാജരാകണണെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസും മുസ്ലിംലീഗും ചേര്‍ന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതിക്ക് നോട്ടീസ് നല്‍കിയത്. ബാങ്കിന്റെ പണം അപഹരിക്കുന്നത് മറച്ചുവയ്ക്കാന്‍ സെക്രട്ടറിയും ഭരണസമിതിയും ചില ജീവനക്കാരും ബോധപൂര്‍വ്വം ശ്രമിക്കുന്നതായും മറ്റും മറ്റും ആരോപിച്ച് സി പി എമ്മും രംഗത്ത് വന്നിരുന്നു.
ബാങ്ക് വൈസ് പ്രസിഡണ്ടായ മുഹമ്മദ്കുഞ്ഞി കടവത്ത് സഹകരണ വകുപ്പിന് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയാണ് മുഹമ്മദ്കുഞ്ഞി കടവത്ത്.
അതേസമയം ഭരണ സമിതി അന്വേഷണം നടത്തി ക്രമക്കേട് നടത്തിയ ജീവനക്കാരനെ പിരിച്ചുവിടുകയും പണം തിരിച്ചടപ്പിക്കുകയും ചെയ്തിരുന്നു. സഹകരണ വകുപ്പിന്റെ 32-ാം വകുപ്പുപ്രകാരം ഭരണസമിതിയെ നീക്കംചെയ്യാതിരിക്കാന് കാരണം ബോധിപ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.