ഒരു കോടി നഷ്ടപരിഹാരം നല്‍കണം ഉണ്ണിത്താനെതിരെ മാനനഷ്ടത്തിന് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുടെ വക്കീല്‍ നോട്ടീസ്
കൊല്ലം: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്ക് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി വക്കീല്‍ നോട്ടീസയച്ചു. കുണ്ടറ ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി പി പൃഥ്വിരാജാണ് ഹൈക്കോടതി അഭിഭാഷകന് ജയപ്രദീപ് മുഖേന മാനനഷ്ടത്തിന് നോട്ടീസയച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് പ്രചാരണ ഫണ്ടില്‍നിന്ന് പൃഥ്വിരാജ് എട്ടു ലക്ഷം രൂപ കവര്‍ന്നെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണത്തിനെതിരെയാണ് നോട്ടീസ്. പൃഥ്വിരാജ് പണം കവര്‍ന്നെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഉണ്ണിത്താന് കാസര്‍കോഡ് എസ്പിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, ഉണ്ണിത്താന് പൊലീസിന് മൊഴി നല്കാന് തയ്യാറായില്ല. കടം വാങ്ങിയ പണം തിരികെ നല്കാതിരിക്കാന് ഉണ്ണിത്താന് വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കുകയാണെന്നു കാട്ടി പൃഥ്വിരാജ് എഐസിസിക്കും കെപിസിസിക്കും പരാതി നല്കി.
ഉണ്ണിത്താന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നതായി പ്രിഥിരാജിന്റെ ഭാര്യ കുണ്ടറ പൊലീസില്‍ പരാതി നല്കി. തനിക്കും കുടുംബത്തിനുമുണ്ടായ അപമാനത്തിന് ഉണ്ണിത്താന് മാപ്പു പറയണമെന്നും രണ്ടാഴ്ച്ചക്കകം തീരുമാനമുണ്ടായില്ലെങ്കില്‍ നിയമ നടപടി തുടരുമെന്നും പൃഥ്വിരാജ് പറഞ്ഞു.