കാസര്‍കോട് ജില്ലയില്‍ കോവിഡ് രാഗബാധയെ തുടര്‍ന്നുണ്ടാകുന്ന മരണനിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ്
കാസർഗോഡ് :കാസറഗോഡ് ജില്ലയിൽ കോവിഡ് രോഗബാധയെ തുടർന്നുണ്ടാകുന്ന മരണനിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ .വി രാംദാസ് അറിയിച്ചു .
ഫെബ്രുവരി 3 ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ ജൂലൈ 7 വരെ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ ജൂലൈ 7 മുതൽ ഇന്നലെ വരെ ജില്ലയിൽ 142 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണപെട്ടവരിൽ കൂടുതൽ പേരും 60 വയസിന് മുകളിൽ ഉള്ളവരാണെകിലും യുവാക്കൾക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 60 വയസിനു മുകളിൽ പ്രായമുള്ളവരും , മറ്റു ഗുരുതര രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് . ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങൾ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതും ഇവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതുമാണ്
വയോജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്
ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ കൈയും മുഖവും കഴുകുക, നിർബന്ധമായും മാസ്ക് ധരിക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ ശീലമാക്കുക ,ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവർഗങ്ങളും കഴിയ്ക്കുക, വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ. ഫോണിലൂടെയോ ഇ സഞ്ജീവനി വെബ് ഉപയോഗിച്ചോ ഡോക്ടർമാരുടെ സേവനം തേടുക .ജീവിത ശൈലി രോഗങ്ങളുള്ളവർ അവർക്കുള്ള പൊതു മാർഗ്ഗ നിർദേശങ്ങൾ പാലിക്കേണ്ടതാണ് . ഛർദി വിശപ്പില്ലായ്മാ അടിവയറ്റിൽ വേദന ഭക്ഷണത്തോടുള്ള വിരക്തി തലകറക്കം ശ്വാസ തടസ്സം എന്നിവ അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.