മഹാരാഷ്ട്രയില്‍ നാല് സഹോദരങ്ങളെ കോടാലികൊണ്ട് വെട്ടിക്കൊന്നു സംഭവം അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കേ
മുംബൈ: മഹാരാഷ്ട്രയില്‍ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് നാല് സഹോദരങ്ങളെ വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കുട്ടികളെ വെട്ടിക്കൊന്നത്.
മൂന്ന് വയസുള്ള സുമന്, എട്ട് വയുസുള്ള അനില്‍, പതിനൊന്ന് കാരനായ റാവല്‍, പന്ത്രണ്ടുകാരിയായ സയ്ത എന്നിവരാണ് കൊല്ലപ്പെട്ടത്.
മധ്യപ്രദേശുകാരായ മെഹ്താബ്, റുമാലി ബിലാല എന്നിവരുടെ മക്കളാണ് നാലുപേരും. ഒരു ഫാമിലെ ജോലിക്കായാണ് ഇവര്‍ മഹാരാഷ്ട്രയിലെ ജാല്‍ഗണിലെ ബോര്ഘേട ഗ്രാമത്തിലെത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരേ കോടാലി കൊണ്ട് തന്നെയായിരിക്കാം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസ് ഐ.പി.എസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട പ്രത്യേക അന്വേഷണം സംഘം ഏറ്റെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച്ച ജോലിക്ക് പോയി തിരികെ വരുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ് ഇവര്‍ കണ്ടത്. കുട്ടികളുടെ മൃതദേഹത്തിനടുത്ത് വച്ചു തന്നെയാണ് രക്തത്തില്‍ മുങ്ങിയ കോടാലിയും പൊലീസ് കണ്ടെടുത്തത്.
കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഗ്രാമത്തിലെ മറ്റാരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ആളുകളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.