ന്യൂഡല്‍ഹി : തീരദേശനിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകള്‍ എന്നു പൊളിക്കുമെന്നതടക്കം വിശദമായ പദ്ധതി കേരള സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ഒപ്പം സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടികയും കൈമാറും. നിയമലംഘകര്‍ക്കെതിരെ ഇതുവരെയെടുത്ത നടപടികള്‍, ഭാവിയില്‍ ലംഘനങ്ങള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും സര്‍ക്കാര്‍ അറിയിക്കും.
ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മൂന്നുമാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുമെന്ന് സംസ്ഥാനം അറിയിക്കുമെന്നാണ് സൂചന. സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷം ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള അന്തിമ തീയതി കോടതി നിശ്ചയിച്ചേക്കും.