കോവളം: വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ കോവളം ആഴാകുളത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ്(23) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് വിനീഷ് ചന്ദ്രനെ(25) പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാത്രി 7.30ഓടെ വിഴിഞ്ഞം ആഴാകുളത്താണ് സംഭവം നടന്നത്.
വാഹനത്തിനു സൈഡ് കൊടുക്കാത്തതില്‍ കുപിതനായി മനു സൂരജിനെ കുത്തുകയായിരുന്നു എന്നാണു വിവരം. സംഭവത്തില്‍ പ്രതിയായ തൊഴിച്ചല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു(26)വിനെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്ക് പറ്റിയ ഇരുവരെയും കനിവ് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും സൂരജിന്റെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കോവളം പോലീസ് അന്വേഷണം ആരംഭിച്ചു.