ജാഗ്രതക്കുറവുണ്ടായി ജോസ് കെ മാണി മുന്നണി വിട്ടതിൽ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് വീണ്ടും കെ മുരളീധരൻ
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതിൽ യുഡിഎഫ് നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ മുരളീധരൻ. പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത്. ഘടകകക്ഷികൾ വിട്ടുപോകുുന്നത് മുന്നണിയുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. ഭരണകക്ഷിയുടെ നേട്ടം കൊണ്ടല്ല ഘടകകക്ഷികൾ വിട്ടുപോകുന്നതെന്നും എൻസിപിയുമായി ചർച്ച നടത്തിയെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും വടകര എംപി പറഞ്ഞു.
മുന്നണി വിട്ടുപോകാൻ തയ്യാറെടുക്കുന്ന വരെ പിടിച്ചു നിർത്താൻ യുഡിഎഫ് നേതൃത്വം ശ്രമിക്കണമായിരുന്നു. എല്ലാ കക്ഷികളെയും പിടിച്ചുനിർത്താൻ ശ്രമിച്ച പാരമ്പര്യമായിരുന്നു കെ കരുണാകരന്റെ കാലം മുതൽ കോൺഗ്രസിലും മുന്നണിയിലും ഉണ്ടായിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിൽ ജോസ് കെ മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടിയിരുന്നു. കാലാകാലങ്ങളായി മുന്നണി വിട്ടവരെ തിരിച്ചു കൊണ്ടുവരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.