കരുവാറ്റ സഹകരണ ബാങ്ക് കവർച്ചാകേസ്: മുഖ്യപ്രതി കോയമ്പത്തൂരിൽ പിടിയിൽ
ആലപ്പുഴ: ആലപ്പുഴ കരുവാറ്റ സഹകരണ ബാങ്ക് കവർച്ചാകേസിലെ മുഖ്യപ്രതി പിടിയിൽ. അന്തർ സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി അൽബിൻ രാജാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബാങ്ക് കവർച്ചാ കേസിൽ രണ്ടു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഹരിപ്പാട് സ്വദേശി ഷൈബു , തിരുവനന്തപുരം സ്വദേശി ഷിബു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ബാങ്കിന്റെ ലോക്കർ തകർത്ത് അഞ്ചരകിലോ സ്വർണ്ണവും നാലര ലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്. മോഷണം ആസൂത്രണം ചെയ്തത് ഇന്ന് അറസ്റ്റിലായ മുഖ്യപ്രതിയാണെന്നാണ് വിവരം.
പ്രതികൾ തിരുവന്തപുരം സെന്റർജയിലിൽ ഒരേസമയം ശിക്ഷ അനുഭവിച്ചിരുന്നു. ഇവിടെവെച്ചുള്ള സൗഹൃദമാണ് കൃത്യം നടത്താൻ പ്രതികളെ ഒരുമിപ്പിച്ചത്. ഓപ്പറേഷൻ ഹോളിഡേ ഹണ്ടേഴ്സ് എന്ന പേരീൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഓണാവധി ദിവസമായ ആഗസ്റ്റ് 29 മുതൽ 31 വരെയുള്ള മൂന്നു ദിവസം കൊണ്ടാണ് കവർച്ച് നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
കൊല്ലം കടയ്ക്കലിൽ നിന്നും മോഷ്ടിച്ച ഓമ്നി വാനിലാണ് സംഘം കവർച്ചയ്ക്കെത്തിയത്. പിന്നീട് സ്വർണ്ണവും പണവും വീതിച്ചെടുത്തു. സെപ്റ്റബർ മൂന്നിന് ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരായിരുന്നു കവർച്ച വിവരം ആദ്യമറിഞ്ഞത്. സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്ക് അടക്കം പ്രതികൾ കൊണ്ടുപോയതിനാൽ അദ്യഘട്ടത്തിൽ അന്വേഷണം വഴിമുട്ടിയിരുന്നു.