പാലാ സീറ്റ് എന്‍സിപിയുടേത്; സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല ടി.പി. പീതാംബരന്
കൊച്ചി: പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റുകള്‍ എന്‍.സി.പിയുടേത് തന്നെയാണെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്. പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്വെള്ളിയാഴ്ച് കൊച്ചിയില്‍ എന്‍.സി.പി നേതൃയോഗം ചേരുന്നതിന് മുന്നോടിയായാണ് എന്‍.സി.പി നിലപാട് ആവര്‍ത്തിച്ചത്.
പാര്‍ട്ടിയില്‍ ഇതുവരെ ഭിന്നതയില്ല. പാലാ ഉള്‍പ്പെടെ എന്‍.സി.പിയുടെ നാല് സീറ്റുകളിലും പാര്‍ട്ടി തന്നെ മത്സരിക്കും. പാലാ സീറ്റ് സംബന്ധിച്ച് ഒരുകാര്യവും ഇതുവരെ എല്‍ഡിഎഫ് നിര്‍ദേശിച്ചിട്ടില്ല. സീറ്റ് മാറണമെന്ന് ആരും ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ടി.പി. പീതാംബരന് വ്യക്തമാക്കി.
പാലാ സീറ്റ് നല്‍കുമെന്ന് ജോസ് കെ മാണി വിഭാഗത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുമായി മാണി സി കാപ്പന് ചര്‍ച്ചനടത്തിയെന്ന എംഎം ഹസന്റെ പരമാര്‍ശത്തില്‍ മാണി സി കാപ്പന് തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.