നീലേശ്വരം ∙ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. KL 60 P 9455 നമ്പർ സ്കൂട്ടർ ഉടമയ്ക്കെതിരെയാണ് കേസ്. നീലേശ്വരം ചിറപ്പുറം സ്വദേശിനിയായ ഇവർ പടന്നക്കാട്ടാണ് താമസം. ചൊവ്വാഴ്ച രാവിലെ സിഐ: എം.എ.മാത്യുവിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് ഹെൽമറ്റ് ധരിക്കാതെയും തലയും മുഖവും ഷാളു കൊണ്ട് മറച്ചും യുവതി സ്കൂട്ടർ ഓടിച്ചെത്തിയത്. സിഐ കൈകാണിച്ചതോടെ നിർത്താതെ ഓടിച്ചു പോയി. പൊലീസും പിന്തുടർന്നു.നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ യുവതി അക്രമാസക്തയായെന്നു പൊലീസ് പറഞ്ഞു. പൊലീസിനും സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്കും ഓട്ടോഡ്രൈവർമാർക്കുമെതിരെ കയ്യേറ്റത്തിനും മുതിർന്നു.ഈ പരാക്രമങ്ങളെല്ലാം പൊലീസ് മൊബൈൽ ഫോണിൽ പകർത്തി. വനിതാ പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും രേഖകൾ വാഹനത്തിൽ സൂക്ഷിക്കാത്തതിനുമാണു കേസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലെത്തിയ യുവതി നീലേശ്വരം സിഐക്കെതിരെ ഡിവൈഎസ്പി: പി.കെ.സുധാകരനു പരാതി നൽകിയിട്ടുണ്ട്