കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് ഷാഫി, കെ ടി ഷറഫുദ്ദീന്, മുഹമദ് അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ എല്ലാ പ്രതികള്‍ക്കും എതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് അന്വേഷണ സംഘം വാദിച്ചു. പ്രതികളുടെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ സമയം ആവശ്യമാണെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്തു കേസുമായി നേരിട്ട് ബന്ധമുണ്ടെന്നും തീവ്രവാദ ബന്ധമുണ്ടെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടിയ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. അതേസമയം, എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 23 വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. മാധ്യമ സമ്മര്‍ദം മൂലം അന്വേഷണ ഏജന്‍സി തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണെന്നാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ആരോപിച്ചത്. എന്നാല്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ 23ന് മുമ്പായി റിപ്പോര്‍ട്ട് നല്കാന് ഇഡിക്ക് കോടതി നിര്‍ദേശം നല്കി.