പ്രതിഷേധം കനത്തപ്പോൾ മാപ്പിരന്നും ക്ഷമ ചോദിച്ചും വിവാദ പ്രസ്താവനയിൽ നിന്ന് തടിയൂരി നടി ഖുശ്ബു
ചെന്നൈ: കോൺഗ്രസിൽ നിന്ന് അടുത്തിടെ ബി ജെ പിയിലേക്ക് ചേക്കേറിയ നടി ഖുശ്ബു തന്റെ വിവാദ പ്രസ്താവനയ്ക്ക് മാപ്പുപറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവച്ചശേഷം ബി ജെ പി അംഗത്വമെടുക്കുന്ന വേളയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് നടി വിവാദ പ്രസ്താവന നടത്തിയത്. കോൺഗ്രസ് പ്രവർത്തകർ മാനസിക വൈകല്യമുളളവരാണെന്നായിരുന്നു പ്രസ്താവനയിൽ ഖുശ്ബു പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തമിഴ്നാട്ടിലെ ഒരു സംഘടന ഖുശ്ബുവിനെതിരെ സംസ്ഥാനത്തെ മുപ്പത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രതിഷേധം വ്യാപകമായതോടെയാണ് ക്ഷമാപണം നടത്തിയത്. ‘അത്തരത്തിലൊരു പ്രസ്താവന നടത്തേണ്ടി വന്നതിൽ ഞാൻ മാപ്പുചോദിക്കുന്നു. രണ്ട് വാക്യങ്ങൾ തെറ്റായി ഉപയോഗിക്കേണ്ടിവന്നതിൽ വളരെ ഖേദമുണ്ട്’- എന്നായിരുന്നു ഖുശ്ബു പറഞ്ഞത്.കോൺഗ്രസിന്റെ ദേശീയ വക്താവായിരുന്ന ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയശേഷമാണ് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് പറ്റാത്ത സാഹചര്യമാണ് നിലവിലുളളതെന്നുമാണ് രാജിവയ്ക്കുന്ന വേളയിൽ ഖുശ്ബു പറഞ്ഞിരുന്നത്. ജനസമ്മിതിയില്ലാത്ത ചിലരാണ് പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അതിനാലാണ് തന്നെപ്പോലുളളവർ തഴപ്പെട്ടതെന്നും അവർ പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനൽ തുടർന്ന് കുറച്ചുനാളുകളായി ഖുശ്ബു കോൺഗ്രസുമായി അകന്നുകഴിയുകയായിരുന്നു. അടുത്തവർഷം നടക്കുന്ന തമിഴ്നാട് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഖുശ്ബുവിന്റെ പാർട്ടിമാറ്റം. എന്നാൽ ഖുശ്ബുവിന്റെ കാലുമാറ്റം പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.