എൽ ഡി എഫിൽ വന്നുകയറും മുമ്പേ അവകാശവാദം; രാജ്യസഭ സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി
കോട്ടയം: ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുമ്പ് രാജ്യസഭ സീറ്റിന് അവകാശവാദമുന്നയിച്ച് ജോസ് കെ മാണി. സ്വാധീനമുളള പാർട്ടി എന്ന നിലയിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരാനിരിക്കുന്ന തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യങ്ങളിൽ ഇടത് മുന്നണിയുമായി രണ്ട് ദിവസത്തിനുളളിൽ നേരിട്ട് ചർച്ച നടത്തുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.ഇടതുമുന്നണി പ്രവേശനത്തെയും നിലപാടിനെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ട്. മറ്റ് കേരള കോൺഗ്രസുകളുമായുളള ലയനത്തെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. അതേസമയം ജോസിന്റെ ഇടതു പ്രവേശനം സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടികാഴ്ച നടത്തും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് ചർച്ച. 21ന് സി.പി.ഐ എക്സിക്യൂട്ടീവും ചേരുന്നുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.ഐ എക്സിക്യൂട്ടീവിലും ചർച്ച നടക്കുമെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു.