ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇ, ഡി. അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്ന് ശിവശങ്കർ.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.സ്വപ്ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നെന്നും എന്നാല്‍ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് ശിവശങ്കറിന്റെ വാദം. ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് സൗഹൃദത്തിന്റെ പേരിലാണെന്നും ഹര്‍ജിയിലുണ്ട്.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയും കൊച്ചി എന്‍.ഐ.എ കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് സ്ഥാപിക്കാന്‍ കോടതി പലവട്ടം എന്‍.ഐ.എയോട് ആവശ്യപ്പെട്ടിരുന്നു. റമീസ് അടക്കമുളള ചില പ്രതികള്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു അന്വേഷണസംഘം ഇന്നലെ കോടതിയെ അറിയിച്ചത്. എന്‍ഫോഴ്സ്മെന്റ് കേസില്‍ നാലാം പ്രതിയായ സന്ദീപ് നായര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് ഉത്തരവ് പറയും.