ഒഡീഷയിൽ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ 22 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
കട്ടക്ക്: ഒഡീഷയിലെ കട്ടക്കിൽ രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 17കാരിയായ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് 22 ദിവസത്തോളം ക്രുരമായി പീഡിപ്പിച്ചു. വഴിമധ്യേ സഹായം വാഗ്ദാനം ചെയ്ത യുവാവ് അടുത്തുള്ള ഫാമിലെത്തിച്ച് പൂട്ടിയിട്ടാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് ടിർട്ടോൾ സ്വദേശിയായ പെൺകുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച് വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കിലെ ഒ.എം.പി സ്ക്വയറിൽ ബസ് കാത്തിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഒപ്പംകൂട്ടിയത്. വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്ന ഗ്രാമത്തിലുള്ള ഒരു
ഫാമിലെത്തിലെത്തിച്ച് രണ്ട് പേർ ചേർന്ന് 22 ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയത്.
ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് സംശയിച്ച് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ പ്രതീക് സിങ് അറിയിച്ചു.
സംഭവത്തിൽ പ്രതിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ലെന്ന് ആരോപിച്ച് ബിജെഡി സർക്കാരിനെതിരേ ബിജെപിയും കോൺഗ്രവും രംഗത്തെത്തി. ടിർട്ടോളിൽ അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ത്രീ സുരക്ഷയിലെ വീഴ്ച ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്.