ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ
ജില്ലാ പഞ്ചായത്തും നഗരസഭയും കാഴ്ചക്കാരായി, കാസർകോട്ടെകറന്തക്കാട്
വിത്തുൽപാദന കേന്ദ്രം വയൽ വെള്ളംകയറി നശിക്കുന്നു
കാസർകോട്: കറന്തക്കാടുള്ള സംസ്ഥാന കാർഷിക വിത്തുൽപാദന കേന്ദ്രത്തിന്റെ വയലിലേക്ക് ദേശീയപാതയിൽനിന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് കൃഷി നശിക്കുന്നു. പ്രധാന വഴിയരികിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നിറഞ്ഞ വെള്ളം വിത്തുൽപാദന കേന്ദ്രത്തിന്റെ മുറ്റത്തുകൂടി സമീപത്തെ വയലിലെത്തുന്നു. വെള്ളം കെട്ടിനിന്ന് ഞാറ്റടികൾ ചീയുന്നതിനൊപ്പം കൃത്യമായ നിരീക്ഷണത്തിലൂടെ പരിപാലിച്ചുപോരുന്ന ഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്കും മാറ്റുമുണ്ടാ കും. ഇതിലൂടെ വിത്തിനങ്ങൾ രോഗബാധ കാരണം നശിക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ അറിയപ്പെടുന്ന വിത്തുൽപാദന കേന്ദ്രമാണിത്. അത്യുൽപാദന ശേഷിയുള്ള നിരവധി വിത്തുകളാണ് ഇവിടെനിന്നും പുറത്തിറങ്ങുന്നത്. മികച്ചയിനം നെൽവിത്തുകളുടെ കേന്ദ്രവുമാണിത്. മഴക്കാലത്ത് വെള്ളം ഒഴുകിയെത്തുമെന്ന് തിരിച്ചറിഞ്ഞ് ഇവിടെ ഓവുചാൽ നിർമിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പേ ദേശീയപാത അതോറിറ്റിക്ക് രേഖാമൂലം കത്ത് നൽകിയതാണ്. ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് വിത്തുൽപാദന കേന്ദ്രം പ്രവർത്തിക്കുന്നത്. അതിനാൽ ജില്ലാപഞ്ചായത്തിനും കത്ത് നൽകിയിരുന്നു. ഇവയെല്ലാം അവഗണിച്ചതാണ് തോടുപോലെ മഴവെള്ളം കുത്തിയൊലിക്കാൻ ഇടയാക്കിയത്. മികച്ച കൃഷി ശാസ്ത്രജ്ഞരും വിദഗ്ധരും വർഷങ്ങളായി ഗവേഷണം നടത്തി ഉൽപാദിപ്പിക്കുന്ന വിത്തുകളാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്.
മധൂർ പഞ്ചായത്തിനെയും കാസർകോട് നഗരസഭയുടെയും അതിർത്തി പ്രദേശത്തുകൂടി ബട്ടംപാറയിലുണ്ടായിരുന്ന ഓവുചാൽ നികത്തിയതാണ് മഴവെള്ളം കുത്തിയൊലിക്കാൻ പ്രധാന കാരണം. മധൂർ റോഡിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം ഓവുചാലുണ്ടാക്കി തിരിച്ചുവിട്ടിരുന്നെങ്കിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിത്തുൽപാദന കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയാനാകുമായിരുന്നു. ഇക്കാര്യത്തിൽ ജില്ലാപഞ്ചായത്തും കാസർകോട് നഗരസഭയും കടുത്ത അലംഭാവമാണ് കാട്ടിയത്.