വീണ്ടും മൂന്നാം മുറ ക്രിക്കറ്റ് കളിച്ചതിന് യുവാക്കളെ മരപ്പട്ടിക കൊണ്ട് തല്ലി പൊലീസുകാര്‍ക്കെതിരെ നടപടി
കൊച്ചി: നെല്ലുകടവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്രിക്കറ്റ് കളിക്കാന്‍ ഒത്തുകൂടി എന്ന് ആരോപിച്ച് യുവാക്കളെ തല്ലിച്ചതച്ച എസ്ഐ സി.ആര് സിങ്ങിനെ തോപ്പുംപടി സ്റ്റേഷനിലേക്കും സുനില്‍, ഗിരീഷ് എന്നീ സിവില്‍ പൊലീസുകാരെ എളമക്കര, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലേക്കുമാണ് മാറ്റിയത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ 5 പേര്‍ക്കു പരുക്കേറ്റിരുന്നു. നെല്ലുകടവ് സ്വദേശി ഷഫീക്ക് (21), സബാഹ് (20) റസാല്‍ (20), അക്ഷയ് (20), ആസിഫ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഫീക്കിന്റെ പരുക്ക് ഗുരുതരമാണ്. സബാഹിന് കണ്ണിനാണ് പരുക്ക്.
പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അസി.പൊലീസ് കമ്മിഷണര്‍ ജി.ഡി.വിജയകുമാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജനം പിരിഞ്ഞുപോയത്. പതിനഞ്ചിലേറെ യുവാക്കള്‍ പറമ്പില്‍ ഉണ്ടായിരുന്നുവെന്നും അവിടെ എത്തിയ പൊലീസുകാര്‍ മരപ്പട്ടിക ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്നും പരിസരവാസികളായ വീട്ടമ്മമാര്‍ പറഞ്ഞു.