1.7 കോടി രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ കണ്ണൂരില്‍ പിടിയില്‍
കാസര്‍കോട്: 1.7 കോടി രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് നാരമ്പാടിയിലെ ജാവേദ് യൂസഫ്, കടവത്തൂര്‍ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മായില്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. 2.288 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 972 ഗ്രാം സ്വര്‍ണ്ണമാണ് ജാവേദ് യൂസഫില്‍ നിന്ന് പിടിച്ചത്. ഇസ്മായിലില്‍ നിന്ന് 1316 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. പേസ്റ്റ് രൂപത്തില്‍ പോളിത്തീന്‍ കവറിലാക്കിയ സ്വര്‍ണ്ണം ഇരുകാല്പ്പാദങ്ങള്ക്കിടയിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഈ മാസം ഇത് നാലാമത്തെ തവണയാണ് കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്.