പിണറായിക്കും നോട്ടെണ്ണല്‍ യന്ത്രം ആവശ്യമുണ്ട്, ജോസ് കെ. മാണിയെ ബ്ലാക്ക്മെയില്‍ ചെയ്തു-ലീഗിനെയും ഇനി എൽ ഡി എഫിലെടുക്കാം പരിഹാസവുമായി കെ. സുരേന്ദ്രന്
കോഴിക്കോട്: ബാര്‍കോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. അഴിമതിക്കേസുകള്‍ വെച്ച് ജോസ് കെ.മാണിയെ ബ്ലാക്ക് മെയില്‍ ചെയ്താണ് കൂടെ കൂട്ടിയിരിക്കുന്നത്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ.എം. മാണിക്കെതിരായ അഴിമതി ആരോപണങ്ങളും സമരങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും തൊണ്ടതൊടാതെ വിഴുങ്ങി. കേരള കോണ്‍ഗ്രസിന്റെ അഴിമതികളെല്ലാം ഇപ്പോള്‍ സി.പി.എം. പൂര്‍ണമായും ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയങ്ങള്‍ കാപട്യമാണെന്ന് തെളിഞ്ഞു. അഴിമതിക്കേസുകള്വെച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് ജോസ് കെ. മാണിയെ കൂടെനിര്‍ത്തി.
ബാര്‍കോഴ കേസ് തേച്ച്മായ്ച്ച് കളയാന്‍ കഴിയില്ല. ശതകോടികളുടെ ഇടപാടാണ് ബാര്‍കോഴ കേസില്‍ നടന്നിട്ടുള്ളത്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞയാളാണ് പിണറായി വിജയന്. ഇപ്പോള്‍ സ്വര്‍ണക്കടത്തിലും ലൈഫ് മിഷന് ഇടപാടിലുമെല്ലാം പിണറായി വിജയനും നോട്ടെണ്ണല്‍ യന്ത്രത്തിന്റെ ആവശ്യമുണ്ട്. അതിനാലാണോ നോട്ടെണ്ണല്‍ യന്ത്രം കൈവശമുള്ള പാര്‍ട്ടിയെ മുന്നണിയിലേക്ക് വിളിച്ചതെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
ഇനി പാലാരിവട്ടം കേസ് കൂടി അട്ടിമറിച്ച് മുസ്ലീം ലീഗിനെ കൂടി മുന്നണിയിലെടുക്കുന്നതാകും നല്ലത്. മുസ്ലീം ലീഗിന്റെ അഴിമതി കേസുകള്‍ അട്ടിമറിച്ച് അവരെ സ്വീകരിക്കുമോ എന്നാണ് കേരളത്തിന് അറിയാനുള്ളത്. എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ചത് ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.
ബാര്‍കോഴ കേസ് നിയമസഭാ രേഖകളിലുള്ള അഴിമതി ആരോപണമാണ്. അതില്‍ വസ്തുനിഷ്ടമായ അന്വേഷണം നടക്കണം. കേരള സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം.
ഒരു പാര്‍ട്ടിയെയും രാഷ്ട്രീയമായി മുന്നണിയിലെടുക്കുന്നതിന് തടസമില്ല. പക്ഷേ, അഴിമതി കേസുകള്‍ ഇല്ലാതാക്കരുത്. മധ്യകേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നതോടെ എന്‍.ഡി.എ. ശക്തമായി മുന്നോട്ടുവരും. ഇനി മധ്യതിരുവിതാംകൂറിലും മധ്യകേരളത്തിലും എന്‍.ഡി.എയും എല്‍.ഡി.എഫും തമ്മില്‍ നേര്‍ക്കുനേര്‍ കനത്ത മത്സരമുണ്ടാകുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള പല കേന്ദ്രപദ്ധതികളും കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ദേശീയപാത വികസനത്തില്‍ മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ്. 12600 കോടി രൂപ നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ കേന്ദ്രത്തിന്റെ പല പദ്ധതികളും സ്വന്തം പദ്ധതികളാക്കി മാറ്റാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയെക്കുറിച്ച് നല്ലവാക്ക് പറഞ്ഞത് അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അല്ലാതെ പ്രശംസിക്കപ്പെടേണ്ട മനുഷ്യനല്ല പിണറായി വിജയനെന്നും സുരേന്ദ്രന് പറഞ്ഞു.