ഗാന്ധി കുടുംബം സ്വയം നിര്‍മ്മിച്ച കുമിളകളില്‍ നിന്ന് പുറത്തുവരണം:കോൺഗ്രസ്സ് എക്കാലവും ഉണ്ടാകില്ല, ഖുശ്ബു
ന്യൂഡൽഹി : ഗാന്ധി കുടുംബം സ്വയം നിര്‍മ്മിച്ച കുമിളകളില്‍ നിന്ന് പുറത്തുവരണമെന്ന് ബിജെപിയിലേക്ക് മാറിയ നടി ഖുശ്ബു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് നടി ഗാന്ധി കുടുംബത്തിനെതിരെ രംഗത്തെത്തിയത്. ‘കുമിളകളില്‍ നിന്ന് പുറത്തുവന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പരാജയപ്പെടും. പ്രതിപക്ഷത്തുപോലും അവര്‍ സ്വയം കണ്ടെത്തുന്നില്ല. എക്കാലവും പ്രതിപക്ഷത്തുണ്ടാകുമെന്ന തെറ്റായ പ്രതീക്ഷക്ക് പുറത്താണ് അവര്‍ ജീവിക്കുന്നത്. രാജ്യം ഭരിക്കുന്നത് മറന്നേക്കൂ, പ്രതിപക്ഷത്ത് പോലും എക്കാലവും അവര്‍ ഉണ്ടാകില്ല’- ഖുശ്ബു പറഞ്ഞു.
എന്തുകൊണ്ടാണ് ആളുകള്‍ കോണ്‍ഗ്രസ് വിടുന്നത് എന്നത് ചിന്തിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. വിടുന്നവരെ അവസരവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയല്ല പരിശോധന നടത്തുന്നില്ല. അവര്‍ സ്വയം നിര്‍മിച്ച ലോകത്തിലാണ് ജീവിക്കുന്നതെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ദേശീയവക്താവ് സ്ഥാനം രാജിവെച്ച് കഴിഞ്ഞ ദിവസമാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഖുശ്ബുവിന്റെ പാര്‍ട്ടി മാറ്റം ഏറെ ചര്‍ച്ചയായിരുന്നു. വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഖുശ്ബു രംഗത്തെത്തിയതോടെയാണ് പാര്‍ട്ടി മാറ്റം ചര്‍ച്ചയായത്. 2014ല്‍ ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ 2017ല്‍ കോണ്‍ഗ്രസിലെത്തി.
പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് ഖുശ്ബുവിന് കടുത്ത പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല എന്നതിലും ഖുശ്ബുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് സൂചന. ഇത് പാര്‍ട്ടി നേതൃത്വത്തെ പല തവണ അറിയിച്ചെങ്കിലും ഒരു തരത്തിലും പ്രതികരണങ്ങളുണ്ടായില്ല. ഇതെല്ലാം ഉരുണ്ടുകൂടിയാണ്, കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകാന്‍ ഖുശ്ബു തീരുമാനിക്കുന്നത്.