ജോസ് കെ മാണിയെ യു ഡി എഫ് പുറത്താക്കിയിട്ടില്ല. ആരോപണങ്ങള്‍ക്ക് മറുപടിയില്ല മാണിയെ ആക്ഷേപിച്ച സി പി എമ്മാണ് പുതിയ കൂട്ട് പി ജെ ജോസഫ്
തിരുവനന്തപുരം: ജാേസ് കെ മാണിയെ ആരും യു ഡി എഫില്‍ നിന്ന് പുറത്താക്കിയതല്ലെന്ന് പി ജെ ജോസഫ് . മുന്നണി ഒന്നടങ്കം പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ടെന്നും ചിഹ്നം കെ എം മാണിയാണെന്നും ജോസ് കെ മാണിയും മത്സരിച്ച സ്ഥാനാര്‍ത്ഥിയും പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ വച്ചാണ് ചിഹ്നം മാണിസാറാണെന്ന് ജോസ് കെ മാണി പറഞ്ഞത്. പിന്നെങ്ങനെയാണ് ചിഹ്നം കൊടുത്തില്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നത്. സ്വയം ഏറ്റുവാങ്ങിയതാണ് പാലായിലെ തോല്‍വി. സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഏറ്റവും എതിര്‍പ്പുളള സ്ഥാനാര്‍ത്ഥിയെ നിറുത്തുകയും ദാര്ഷ്ഠ്യത്താേടെ പെരുമാറുകയും എന്നെ കൂവുകയും ചെയ്തശേഷമാണ് പാലായില്‍ വഞ്ചിച്ചു എന്നുപറയുന്നത്. ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ വിലകുറഞ്ഞതാണ്. മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതെ നിയമസഭയില്‍ തടഞ്ഞുവച്ച് ആക്ഷേപിച്ച സി പി എമ്മിനോടാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചങ്ങാത്തം’-ജോസഫ് പറഞ്ഞു.