രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72ലക്ഷം കടന്നു: ആശ്വാസമായി രോഗമുക്തി നിരക്ക് ഉയരുന്നു, മരിച്ചവരിൽ കൂടുതലും പുരുഷന്മാർ
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ അറുപതുവയസിന് താഴെയുളളവർ നാൽപ്പത്തഞ്ചുശതമാനമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അധികൃതർ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 26നും 44നും ഇടയിൽ പ്രായമുളള പത്തുശതമാനംപേർ മാത്രമാണ് മരിച്ചത്. എന്നാൽ 44-60വയസിനിടെയുളള 35 ശതമാനം പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതൽ മരിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.അതിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 72ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 730 മരണമാണ് 24മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,10,586 ആയി.രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസത്തിന് ഇടനൽകുന്നുണ്ട്. 87.05 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.അതേസമയം കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. 8764 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.