ജോസ് കെ മാണി ഇനി എൽ ഡി എഫിൽ, മുന്നണി മാറ്റം 38 വര്‍ഷത്തിന് ശേഷം, രാജ്യസഭ എം പി സ്ഥാനം രാജിവച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജോസ് കെ മാണി അറിയിച്ചു. വര്‍ഗീയ പശ്ചാത്തലത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ എം.പി സ്ഥാനവും ജോസ് കെ മാണി രാജിവച്ചു. ധാര്‍മികത ഉയര്‍ത്തിപിടിച്ചാണ് രാജിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി.യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് മുതല്‍ ഇന്ന് വരെ കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. കെ.എം മാണിയാണ് യു.ഡി.എഫിനെ കെട്ടിപൊക്കിയത്. 38 വര്‍ഷം ഉയര്‍ച്ചയിലും താഴ്ചയിലും കേരള കോണ്‍ഗ്രസ് യു.ഡി.എഫിന് ഒപ്പമാണ് നിന്നത്. കെ.എം മാണിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് യു.ഡി.എഫ് അപമാനിച്ചത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിനെ ചതിച്ചു. ഞങ്ങളുടെ എം.എല്‍.എമാര്‍ നിയമസഭയില്‍ അപമാനിക്കപ്പെട്ടു. ഒരു പരാതിയും ഞങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൊടുത്ത ഒരു പരാതികളും യു.ഡി.എഫ് പരിഗണിച്ചില്ലെന്നും ജോസ് കെ മാണി ആരോപിച്ചു.മാണി സാറിന് വയ്യെന്ന് അറിഞ്ഞതോടെ പി.ജെ ജോസഫ് ലോക്സഭ ചോദിച്ചു. പിന്നെ രാജ്യസഭ ചോദിച്ചു. പാലാ സീറ്റില്‍ നിര്‍ബദ്ധം പിടിച്ചു. മാണി സാറിന്റെ ഭവനം പോലും മ്യൂസിയം ആക്കണമെന്ന് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴും നേതാക്കള്‍ മൗനം പാലിച്ചു. മൗനമായ പിന്തുണയാണ് പി.ജെ ജോസഫിന് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്.ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരളകോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. യു.ഡി.എഫ് വിടാനുളള 2016ലെ യു.ഡി.എഫ് തീരുമാനം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. അന്ന് കെ.എം മാണി പറഞ്ഞ വാക്കുകള്‍ ഇന്ന് പ്രസക്തമാണ്. കോണ്‍ഗ്രസിലെ ചില നേതാക്കന്മാരുടെ മുഖ്യശത്രു കേരളകോണ്‍ഗ്രസാണ് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇപ്പോള്‍ മാണി സാറിനോട് വലിയ സ്നേഹ പ്രകടനമാണ്. ഞങ്ങളെ പുറത്താക്കിയപ്പോള്‍ ആ സ്നേഹ പ്രകടനം കണ്ടില്ല. ഞങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ചര്‍ച്ചയും നടത്തിയില്ല. ഒരു ഫോര്‍മുല പോലും മുന്നോട്ട് വച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പോലും ഞങ്ങളുടെ എം.എല്‍.എമാരെ യു.ഡി.എഫ് സമീപിച്ചില്ല. മാണി സാറിന്റെ പ്രസ്ഥാനത്തെ ഇല്ലാതാക്കുക എന്നതായിരുന്നു യു.ഡി.എഫ് അജണ്ട. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ട് പോകില്ല. തന്റെ ബലം തന്നോടപ്പമുളള ജനങ്ങളാണെന്നും ജോസ് കെ മാണി പറഞ്ഞു.ഇടതുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയ നിലപാട് അറിയിച്ചു. ഇനി അവരുടെ നിലപാട് എന്താണെന്ന് അറിയണം. കേരള രാഷ്ട്രീയത്തിന്റെ ഗതിയില്‍ തന്നെ മാറ്റമുണ്ടാകും. മദ്ധ്യതിരുവിതാംകൂറിലുണ്ടാകുന്ന മുന്നേറ്റത്തിലൂടെയാണ് യു.ഡി.എഫ് അധികാരത്തില്‍ വന്നിരുന്നത്. അതുകൊണ്ടൊന്നും ഇത് നിസാരമായി കാണേണ്ട. കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി. പാലാ എന്നതൊരു ഹൃദയ വികാരമാണ്. ഇടതുപക്ഷത്തിന്റെ ആഹ്വാനം വന്ന ശേഷം ഞങ്ങള്‍ തീരുമാനിക്കും. കെ.എം മാണിക്കെതിരായ കേസ് എങ്ങനെയാ വന്നതെന്ന് നമ്മുക്കറിയാം. രാജ്യത്തുളള ഏറ്റവും മികച്ച ഏജന്‍സികളാണ് ഇന്ന് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.