ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മുഖ്യപ്രതിയെ അറസ്റ്റ്ചെയ്ത് കോവിഡ് കേന്ദ്രത്തിലാക്കി
കണ്ണൂര്‍: ആലക്കോട് നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത ബിജോയ് ജോസഫിനെ കണ്ണൂര്‍ തോട്ടട കോവിഡ് സെന്ററിലേക്ക് മാറ്റി. കേസിലെ രണ്ടാംപ്രതിയായ കൊട്ടാരത്തില്‍ പ്രകാശ് കുര്യന് നേരത്തെ അറസ്റ്റിലായിരുന്നു.
സെപ്റ്റംബര്‍ 25നാണ് പീഡനം നടന്നത്. കാര്‍ത്തികപുരത്തെ ഭര്‍തൃവീട്ടില്‍ താമസിച്ചുവരുന്ന യുവതിയുമായി യുവാക്കള്‍ ഫോണിലൂടെ സൗഹൃദമുണ്ടാക്കിയിരുന്നു. അതിനിടെ, വീട്ടില്‍ നിന്നും പുറത്തേക്കു പോയ യുവതിയെ പ്രതികള്‍ കാറില്‍ പിന്തുടര്ന്ന് തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
വൈകുന്നേരത്തോടെ യുവതിയെ പ്രതികള്‍ വിട്ടയച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്ഐ എന്‍.കെ. ഗിരീഷ്, എഎസ്ഐ കെ.സത്യന്, സീനിയര്‍ സിപിഒ മാരായ സുരേഷ് കക്കറ, ടി.കെ ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.