ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യത്തിലേക്ക്; സഫലമാകുന്നത് യു ഡി എഫ് എഴുതിത്തള്ളിയ പദ്ധതി
തിരുവനന്തപുരം : കേരളത്തിന്റെ അടിസ്ഥാന വികസന സമയരേഖയില്‍ പുത്തന്‍ ഏടുകള്‍ തീര്‍ത്തു കൊണ്ട് ദേശീയ പാതാ വികസനത്തിന് തുടക്കമായി. 12,691 കോടി രൂപ ചിലവില്‍ ഏഴു പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ന്രിധിന് ഗഡ്കരിയും മുഖ്യമന്തി പിണറായി വിജയനും ചേര്‍ന്ന് ഇന്ന് നിര്‍വ്വഹിച്ചു.
1. തലപ്പാടി – ചെങ്കള – 1981 കോടി 39 കി.മീറ്റര്‍, കാസര്‍കോട്
2. ചെങ്കള – നീലേശ്വരം – 1747 കോടി,. 38 കി.മീറ്റര്‍, കാസര്‍കോട്
3. നീലേശ്വരം – തളിപ്പറമ്പ് – 3042 കോടി, 40 കി.മീറ്റര്‍, കണ്ണൂര്‍
4. തളിപ്പറമ്പ് – മുഴപ്പലങ്ങാടി – 2715 കോടി, 30 കി.മീറ്റര്‍, കണ്ണൂര്‍
5. പാലോളി, മൂരാട് പാലം – 210 കോടി, 2 കി.മീറ്റര്‍, കോഴിക്കോട്
6. കോഴിക്കോട് ബൈപ്പാസ് – 1854 കോടി, 29 കി.മീറ്റര്‍
7. ചെറുതോണി പാലം 24 കോടി, 300 മീറ്റര്‍, ഇടുക്കി
-എന്നിവയാണ് പദ്ധതികള്‍.
ഇതിനു പുറമെ കഴക്കൂട്ടം-മുക്കോല – 1121 കോടി രൂപ ചിലവില്‍ 27 കി.മീറ്റര്‍ ദൂരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേശീയപാതയുടെയും ഉദ്ഘാടനം നിധിന് ഗഡ്കരിയും മുഖ്യമന്ത്രയും നിര്‍വ്വഹിച്ചു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതാ വികസനം കീറാമുട്ടിയായി നിലകൊണ്ടിരുന്നു. സ്ഥലമേറ്റെടുക്കല്‍ സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ 568 കി.മീ ദൈര്‍ഘ്യമുള്ള ദേശീയ പാത വികസനം എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തു കൊണ്ട് നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും തീരുമാനമെടുത്തു.
ജനങ്ങളെയും വ്യാപാരി സമൂഹത്തേയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്ന നഷ്ട പരിഹാരം ഉറപ്പുവരുത്തി. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടു. ചര്‍ച്ചകള്‍ നടന്നു. കേന്ദ്രമന്ത്രി നിധിന് ഗഡ്കരി വളരെ അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു.
കേരളത്തിലെ ഉയര്‍ന്ന ഭൂമി വില മൂലം നഷ്ടപരിഹാരത്തുക ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലം കിഫ്ബി യില്‍ നിന്നും 25% നഷ്ടപരിഹാരത്തുക അനുവദിച്ചു. ഇതോടെ തടസ്സങ്ങളുടെ തമസ്സമകന്നു. വികസന സ്വപ്നങ്ങളില്‍ വെളിച്ചം വീണു.
ഇന്നും ഇന്നലെയുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ദേശീയ പാത വികസന പദ്ധതിയും അര്‍ദ്ധ അതിവേഗ റെയില്‍പ്പാത പദ്ധതിയും പൂര്‍ത്തീകരിക്കുമ്പോള്‍ കേരളം നാളിന്നു വരെ കണ്ടിട്ടില്ലാത്ത അടിസ്ഥാന സൗകര്യ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, ഐടി, ടൂറിസം വികസനത്തിനാവും സാക്ഷ്യം വഹിക്കുവാന്‍ പോവുന്നത്.