അറസ്റ്റ് അഭ്യൂഹങ്ങള്‍ക്കിടെ ശിവശങ്കര്‍ ഇന്ന് ഹാജരാകേണ്ടെന്ന് കസ്റ്റംസ് ലൈഫില്‍
വക്കീലുമായി കൂടിക്കണ്ടു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തെ തുടര്‍ച്ചയായ ചോദ്യംചെയ്യലിന് ശേഷം ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ശിവശങ്കര്‍ നല്കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യാനാണ് കസ്റ്റംസ് തീരുമാനം.അഞ്ചാം തവണയാണ് കസ്റ്റംസ് മാത്രം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നത്. ആദ്യം പറഞ്ഞ മൊഴികളില്‍ പലതും കഴിഞ്ഞ ദിവസത്തെ ചോദ്യചെയ്യലില്‍ ശിവശങ്കര്‍ മാറ്റിപ്പറഞ്ഞിരുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമേ പറഞ്ഞിട്ടില്ല. ചില നിര്‍ണായക വിവരങ്ങള്‍ ഒളിക്കുന്നതായാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. പറഞ്ഞ ചില കാര്യങ്ങളില്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കസ്റ്റംസ് മാത്രം ഇതുവരെ 40 മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യംചെയ്തു . അതേസമയം ശിവശങ്കര്‍ അറസ്റ്റിലാവുമെന്ന അഭ്യൂഹങ്ങൾ ഇനിയും അകന്നിട്ടില്ല. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല.
അതിനിടെ ലൈഫ് മിഷന് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ച ഉത്തരവിന് പിന്നാലെ കൊച്ചിയില്‍ അഭിഭാഷകന്റെ അടുത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കര്‍ നിയമോപദേശം തേടിയെത്തി. ഹൈക്കോടതിയിലെ അഭിഭാഷകന് എം.രാജീവിനടുത്താണ് ശിവശങ്കര്‍ നിയമോപദേശം തേടിയത്. നിലവില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നും സി.ബി.ഐയുടെ തുടര്‍ നടപടികള്‍ക്കായി കാക്കാനുമാണ് ശിവശങ്കറിന് ലഭിച്ച നിയമോപദേശം. ശിവശങ്കറിന്റെ പാസ്പോര്‍ട്ടും മറ്റ് യാത്രാ രേഖകളും ഹാജരാക്കുന്നതിന് കൂടിയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.ലൈഫ്മിഷന് കരാര്‍ അട്ടിമറിച്ചത് ശിവശങ്കറാണെന്ന് കേസില്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണത്തിനനുസരിച്ച് തുടര്‍ തീരുമാനങ്ങള്‍ മതിയെന്നാണ് നിയമോപദേശം. ലൈഫ് മിഷന് സി.ഇ.ഒയ്ക്ക് എതിരെ മാത്രമാണ് അന്വേഷണത്തില്‍ കോടതിയില്‍ നിന്ന് സ്റ്റേയുളളത്. യുണിടാകിനെതിരെ അന്വേഷണത്തില്‍ സ്റ്റേ ലഭിച്ചിട്ടില്ല. അതിനാല്‍ ചോദ്യം ചെയ്യുന്നതുള്‍പ്പടെ നടപടികള്‍ ശിവശങ്കറിനെതിരെ ഉണ്ടാകാന്‍ ഇനിയും സാദ്ധ്യതയുണ്ട്