ഉത്തര്പ്രദേശില്വ് വീണ്ടും ദളിത് സഹോദരിമാര്‍ക്ക് നേരേ ആക്രമണം; ഉറങ്ങുമ്പോള്‍ വീട്ടില്‍ കയറി ആസിഡൊഴിച്ചു.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേരേ ആസിഡ് ആക്രമണം. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നഗുരുതരമായി പൊള്ളലേറ്റ 17,12, എട്ട് വയസ്സുള്ള പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോണ്ട ജില്ലയിലെ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
സഹോദരിമാരായ പെണ്‍കുട്ടികള്‍ ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ ടെറസിലൂടെ വീട്ടില്‍ കയറിയ അക്രമി ഇവര്‍ക്ക് നേരേ ആസിഡ് ഒഴിച്ച് കടന്നുകളയുകയായിരുന്നു. കുട്ടികളുടെ കരച്ചില് കേട്ടെത്തിയ പിതാവാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
17-കാരിക്ക് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. 12-കാരിക്ക് 20 ശതമാനവും എട്ട് വയസ്സുകാരിക്ക് ഏഴ് ശതമാനവും പൊള്ളലേറ്റു. മൂവരും ഗോണ്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
മൂത്ത മകള്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്നും മകളുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നതെന്നും പെണ്‍കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ആസിഡ് വീണ് അവളുടെ മുഖത്തെല്ലാം പൊള്ളലേറ്റിട്ടുണ്ട്. ഇനി എങ്ങനെ വിവാഹം നടക്കുമെന്ന് തനിക്കറിയില്ല’- പിതാവ് പറഞ്ഞു.
വിവരമറിഞ്ഞ് പോലീസും ഫൊറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങളില്‍നിന്നും അയല്‍ക്കാരില്‍നിന്നും പോലീസ് മൊഴിയെടുത്തു. പ്രതിയെന്ന് സംശയിക്കുന്നവരായി കുടുംബം ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. കുടുംബത്തെ അറിയുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.