കമ്മ്യൂണിസ്റ്റിന്റെ കണ്ണീരൊപ്പാൻ വീക്ഷണം തൊഴിലാളികളെ പട്ടിണിക്കിട്ടു പി ടി തോമസിനെതിരെ മുല്ലപ്പള്ളിക്ക് ജീവനക്കാരുടെ പരാതി.
കൊച്ചി:കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തില്‍ പി ടി തോമസ് മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച കാലത്തെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ ജീവനക്കാരുടെ പരാതി. മുന്‍ മാര്‍ക്കറ്റിങ് മാനേജര്‍മുതല്‍ റിപ്പോര്ട്ടര്മാര്വരെയുള്ള 23 പേരാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയത്.
വീക്ഷണം മാനേജിങ് ഡയറക്ടറായി 2017- മാര്‍ച്ചില്‍ പി ടി തോമസ് ചുമതലയേറ്റശേഷം സ്ഥാപനം മൂന്നരക്കോടിയുടെ കടബാധ്യതയില്‍ എത്തിയതായി പരാതിയില്‍ പറയുന്നു. ജീവനക്കാര്‍ക്ക് ഏഴുമാസം ശമ്പളകുടിശ്ശികയായി. കുടിശ്ശിക നല്‍കാനായി കെപിസിസിയില്‍നിന്ന് ഒന്നരക്കോടി രൂപ കൈമാറി. പരസ്യം-, സര്‍ക്കുലേഷന്‍ ഇനങ്ങളില്‍ എട്ടുകോടിയോളം രൂപ വരവുണ്ട്. എന്നിട്ടും വീക്ഷണത്തിന് ഇത്ര വലിയ ബാധ്യതയുണ്ടായതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
കെപിസിസി അന്വേഷണ കമീഷന്, വീക്ഷണം കൊച്ചി ഓഫീസിലെ നടത്തിപ്പുപിഴവും ധൂര്‍ത്തും കണ്ടെത്തിയിരുന്നു. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. എറണാകുളം ധനലക്ഷ്മി ബാങ്ക് ശാഖയില്‍നിന്ന് ഒരുകോടി രൂപ വായ്പയെടുത്തത് എന്തിന് ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണം. ചെക്കോ ഡ്രാഫ്റ്റോ ഉപയോഗിക്കാതെ 30 ലക്ഷം രൂപവരെ പണമായി പിന്‍വലിച്ചത് ദുരുദ്ദേശ്യപരമാണ്. ഒരുവര്‍ഷത്തിലധികമായി സോഫ്റ്റ്വെയര് തകരാര്‍മൂലം പത്രം ഏജന്റുമാര്‍ക്ക് ബില്‍ നല്കാതിരിക്കുന്നതിനുപിന്നിലും സാമ്പത്തികത്തട്ടിപ്പാണെന്ന് ജീവനക്കാര്‍ പറയുന്നു.
പരസ്യ ഇനത്തില്‍മാത്രം രണ്ടരക്കോടിയോളം രൂപ കിട്ടാനുണ്ട്. സ്വയം പിരിഞ്ഞുപോവുകയോ- പിരിച്ചുവിടുകയോ ചെയ്ത ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാത്തത് നീതികേടാണ്. ഒരുകൊല്ലത്തിലധികമായി ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കാതെ തിരിമറി നടത്തി. 2019-ലെ വീക്ഷണം കലണ്ടര്‍ അച്ചടിച്ചതില്‍ കമ്പനി ഡയറക്ടര്‍ ജയ്സണ്‍ ജോസഫ് നടത്തിയ രഹസ്യ ഇടപാടിനെക്കുറിച്ചും അന്വേഷിക്കണം. എംഡി സ്ഥാനം രാജിവച്ചിട്ടും ചീഫ് എഡിറ്റര്‍ സ്ഥാനം ഒഴിയാതെ മാനേജര്‍മാരെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റ് ഡ്രൈവിങ് നടത്തുകയാണ് പി ടി തോമസ്.
ശമ്പളം ചോദിച്ചതിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ വീക്ഷണത്തില്‍ ജോലി ചെയ്ത പാര്‍ടി കുടുംബാംഗങ്ങളായ ഇരുപതിലധികം ജീവനക്കാരെയാണ് പി ടി തോമസ് പുറത്താക്കിയത്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഓടിയെത്തിയെന്നു പറയുന്ന പി ടി തോമസിന്, പട്ടിണിയിലായ വീക്ഷണം ജീവനക്കാരുടെ മുഖത്തേക്ക് നോക്കാന്‍പോലും നേരമുണ്ടായില്ലെന്നാണ് ജീവനക്കാരുടെ പരാതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.